മഞ്ചേരി: ശുദ്ധജല ക്ഷാമം മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗികളെയും ജീവനക്കാരെയും വലച്ചു. പ്രധാന ശുദ്ധജല സ്രോതസ്സായ പുത്തൻകുളത്തിൽ നിന്നും ആശുപത്രിയിലേക്കുള്ള പൈപ്പ് ലൈൻ തകർന്നതാണ് ജലവിതരണം തടസ്സപ്പെടാൻ കാരണമായത്. രാവിലെ മുതൽ വെള്ളമില്ലാതെ പ്രാഥമികാവശ്യങ്ങൾക്കു പോലും നിവൃത്തിയില്ലാതെ രോഗികളടക്കമുളളവർ വലഞ്ഞു. ബദൽ സംവിധാനം ഏർപ്പെടുത്താൻ ആതുരാലയാധികൃതരുടെ ഭാഗത്തു നിന്നു ശ്രമമില്ലാത്തതും പ്രതിഷേധത്തിനിടയാക്കി.
കിടത്തി ചികിത്സയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് വെള്ളമില്ലായ്മയുടെ പ്രയാസം പ്രതിസന്ധി തീർത്തത്. ആശുപത്രിക്കടുത്തുള്ള വീടുകളിൽ നിന്നും പാത്രങ്ങളിൽ വെള്ളം ശേഖരിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു രോഗികൾക്കൊപ്പമുള്ളവർ. ആവശ്യത്തിനു വെള്ളമില്ലാത്തതിനാൽ ശുചിമുറികളും വൃത്തികേടായത് രോഗികളെ വലച്ചു. ആശുപത്രി ജീവനക്കാരും എം.ബി.ബി.എസ് വിദ്യാർത്ഥികളും ജലക്ഷാമത്തിന്റെ ഇരകളായി. പൈപ്പു പൊട്ടി വെള്ളം പാഴാവുന്നതു ശ്രദ്ധയിൽപെട്ടതോടെ അറ്റകുറ്റ പണികൾ ആരംഭിച്ചെങ്കിലും വൈകുന്നേരത്തോടെയാണ് ജലവിതരണം പുനഃസ്ഥാപിക്കാനായത്.
പൈപ്പ് ലൈൻ മാറ്റണം
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലുള്ള പുത്തൻകുളത്തിൽ നിന്നാണ് മഞ്ചേരി മെഡിക്കൽ കോളേജിലേക്കുള്ള വെള്ളം പ്രധാനമായും പമ്പു ചെയ്യുന്നത്.
ജലസ്രോതസ്സിൽ നിന്നുള്ള പ്രധാന പൈപ്പ് ലൈൻ ഇടയ്ക്കിടെ തകരാറിലാവുന്നത് ആശുപത്രിയിൽ ജലക്ഷാമം സങ്കീർണ്ണമാക്കുന്നുണ്ട്.
കാലപ്പഴക്കവും ആതുരാലയത്തിലേക്കു പമ്പു ചെയ്യുന്ന വെള്ളത്തിന്റെ ശക്തി പൈപ്പ്ലൈനിനു താങ്ങാനാവാത്തതുമാണ് ആവർത്തിച്ചുള്ള തകരാറുകൾക്ക് കാരണമാവുന്നത്.
എന്നാൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ അധികൃതരിൽ നിന്നു വൈകുകയാണ്.