പൊന്നാനി: പാട്ടു പാടാൻ നിങ്ങൾക്കാകുമോ?. എങ്കിൽ നിങ്ങളുടെ സ്കൂളിൽ സംഗീതം പഠിപ്പിക്കും.ഫോട്ടോഗ്രാഫിയോടാണോ താൽപ്പര്യം?. എങ്കിൽ കാമറയുമായി വൈവിദ്ധ്യമാർന്ന ചിത്രങ്ങൾ പകർത്താൻ പ്രത്യേക പരിശീലനം നൽകും. 20 മേഖലകളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് സ്കൂളുകളിൽ പരിശീലനമൊരുക്കുന്ന നൂതന പദ്ധതി നടപ്പാക്കുകയാണ് പൊന്നാനി നഗരസഭ. ടാലന്റ് ലാബ് എന്ന വേറിട്ട സങ്കൽപ്പം നഗരസഭയിലെ മുഴുവൻ സർക്കാർ എൽ പി, യു.പി സ്കൂളുകളിലും ഈ മാസം മുതൽ നടപ്പാവും.
കുട്ടികളിൽ അന്തർലീനമായ കഴിവുകളെ കണ്ടെത്തി അവ വികസിപ്പിക്കുന്നതിന് സ്ക്കൂളിൽ തന്നെ സൗകര്യമൊരുക്കുന്ന പദ്ധതിയാണിത്. ഒഴിവു ദിവസങ്ങളിൽ സൗജന്യമായായിരിക്കും പരിശീലനം.
ചെറിയ ക്ലാസ് മുതൽ വേറിട്ട അഭിരുചി പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്താൻ അദ്ധ്യാപകർക്ക് പരിശീലനം നൽകും. സൗജന്യമായാണ് പരിശീലനം നൽകുക.. പ്രദേശികമായി ചെറിയ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ച് കുട്ടികളിലെ താൽപ്പര്യങ്ങളെ പുറത്തെടുക്കും.
പദ്ധതിയുടെ ഉദ്ഘാടനവും ആദ്യഘട്ട പരിശീലനവും ഇന്ന് കവി പി. പി. രാമചന്ദ്രൻ ഉദ്ഘാാടനം ചെയ്യും.
20 മേഖലകൾ
ചിത്രരചന, സംഗീതം, നൃത്തം, വാദ്യമേളം, കായികം, ഫോട്ടോഗ്രാഫി, കരകൗശല നിർമ്മാണം, ചെസ് ഉൾപ്പെടെ 20 മേഖലകളിലാവും പരിശീലനം.
ആദ്യഘട്ടത്തിൽ 11 ഇനങ്ങൾക്ക് പരിശീലനം നൽകും.
വർഷത്തിൽ 60 മണിക്കൂർ പരിശീലനത്തിനായി കണ്ടെത്തും.
പ്രദേശിക വിദഗ്ദ്ധരുടെ സഹായം തേടും.
പുറത്തു നിന്നുള്ള മികച്ച പരിശീലകരെ കൊണ്ടുവരും.
ഓരോ വിദ്യാലയത്തിലും അദ്ധ്യാപകർക്ക് പ്രത്യേക ചുമതല നൽകും.
തുടർ പ്രവർത്തനമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുക.
പഠിക്കാൻ മാത്രമുള്ള കേന്ദ്രമെന്നതിൽ നിന്ന് വൈവിദ്ധ്യങ്ങളുടെ ഇടമെന്നതിലേക്ക് സ്കൂളുകളെ മാറ്റുകയാണ് ടാലന്റ് ലാബിലൂടെ ഉദ്ദേശിക്കുന്നത്.
ടി. മുഹമ്മദ് ബഷീർ
പൊന്നാനി നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
10ലക്ഷം രൂപ പദ്ധതിക്കായി പൊന്നാനി നഗരസഭയുടെ വാർഷിക പദ്ധതിയിൽവകയിരുത്തിയിട്ടുണ്ട്.