നിലമ്പൂർ: ഇറാനിൽ നിന്നും സൈക്കിളുമായി ഇന്ത്യയിലെത്തി രാജ്യം ചുറ്റി ഇറാനിയൻ യുവാവ് ഗോലിം റാസ. തിരിച്ചുപോകും വഴി നിലമ്പൂരിലും ഇദ്ദേഹമെത്തി. ഇറാനിൽ സർക്കാർ ജീവനക്കാരനായ റാസയ്ക്ക് തന്റെ കുട്ടികൾ കണ്ട വീഡിയോയിൽ അമിതാബ് ബച്ചനെ കണ്ടാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെന്ന മോഹമുണ്ടായത്. അതിനായി ഇറാനിൽ നിന്നും തന്റെ സൈക്കിളുമായി ഫ്ളൈറ്റിൽ മുംബൈയിലെത്തുകയായിരുന്നു. തുടർന്ന് പൂന, ഗോവ, ബാംഗ്ലൂർ വഴി യാത്ര ചെയ്തു. നാടുകാണി ചുരം കടന്ന് കേരളത്തിലേക്ക് വരുന്നതിനിടെ എറണാകുളത്ത് താമസിക്കുന്ന നിലമ്പൂർ സ്വദേശിയും സൈക്കിൾ യാത്രാപ്രേമിയുമായ ഹസ്സനെ പരിചയപ്പെട്ടാണ് നിലമ്പൂരിലെത്തിയത്. ഇവിടത്തെ കാഴ്ചകളും റാസയെ ആകർഷിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം കൊച്ചിയിലേക്ക് തിങ്കളാഴ്ച രാവിലെ സൈക്കിളിൽ മടങ്ങി. അവിടെ നിന്നും ഫ്ളൈറ്റിൽ ഇറാനിലേക്കു മടങ്ങുമെന്നും റാസ പറഞ്ഞു. കടന്നു വന്ന സ്ഥലങ്ങളെല്ലാം അതിമനോഹരമാണെന്നും വീണ്ടും ഇന്ത്യയിലെത്തുമെന്നാണ് റാസ പറയുന്നത്.