നിലമ്പൂർ: പ്രളയക്കെടുതിയിൽ കാർഷിക മേഖലയിലുണ്ടായ വലിയ നഷ്ടം മലയോര മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തുന്നു.
പ്രധാന സാമ്പത്തിക സ്രോതസായ റബറിനുണ്ടായ വിലയിടിവ് ആഘാതം ശക്തമാക്കുന്നു.
പച്ചക്കറിക്കൃഷിയും. നേന്ത്രവാഴക്കൃഷിയും പ്രളയത്തിൽ വ്യാപകമായി നശിച്ചിരുന്നു. മലയോരത്തെ പ്രധാന കൃഷികളിൽ ഒന്നായ കമുക്കൃഷിയും ഇക്കുറി നഷ്ടത്തിലാണ് കനത്ത മഴയിൽ 60 ശതമാനം അടയ്ക്കയും കൊഴിഞ്ഞുവീണു. അടക്കയ്ക്ക് വില ഉണ്ടെങ്കിലും മുൻവർഷം ലഭിച്ചതിന്റെ മുന്നിലൊന്നേ ആദായമുളളൂ.
പ്രളയത്തിൽ വേരുകൾ വ്യാപകമായി ചീഞ്ഞതും ഇലകൾ പൊഴിഞ്ഞതും മൂലംകഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചതിന്റെ പകുതി പാല് പോലും റബറിൽ നിന്ന് ഇത്തവണ ലഭിക്കുന്നില്ല.
തളർച്ച ഭൂമി ഇടപാടുകളിലും
കാർഷിക മേഖലയിലെ തളർച്ച ഭൂമി ഇടപാടുകളെയും ബാധിച്ചു.
45 ലക്ഷം വരെ ഏക്കറിന് വില ഉണ്ടായിരുന്ന റബർ തോട്ടങ്ങൾ 25 ലക്ഷത്തിനു പോലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയിലാണ്.
വ്യാപാരമേഖലയിലും ഇതിന്റെ പ്രതിഫലനമുണ്ട്. പലചരക്ക് കടകളിൽ പോലും കച്ചവടം കുറഞ്ഞു.
മലയോര മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണവും പെരുകുകയാണ്.
ഗൾഫിലെ പ്രതിസന്ധി കൂടി നഷ്ടമായതോടെ മലയോര ഗ്രാമങ്ങൾ ഏറെ പ്രതിസന്ധിയിലാണ്