nn
എൽ.ഡി.എഫ് രാഷ്ട്രീയ വിശദീകരണ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറം: ശബരിമല കൈയടക്കാനുള്ള നീക്കമാണ് ആർ.എസ്.എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് രാഷ്ട്രീയ വിശദീകരണ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സന്നിധാനം കേന്ദ്രീകരിച്ച് നിൽക്കാൻ പ്രവർത്തകരോട് ബി.ജെ.പി ആവശ്യപ്പെട്ടത് ശബരിമലയെ കൈപ്പിടിയിലാക്കാനാണ്. ഇതു കുറച്ച് പാടുള്ള പണിയാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം ദേവസ്വം ബോ‌ർഡിനാണ്. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. സർക്കാരിന് യാതൊരു പിടിവാശിയുമില്ല. പ്രതിഷേധത്തിന്റെ രൂപവും ഭാവവും ഭക്തരെ ആട്ടിയോടിക്കുന്ന തരത്തിലേക്ക് മാറിയത് സമ്മതിക്കാനാവില്ല. ഗുണ്ടായിസത്തിലൂടെ അധികാരം കൈയടക്കാമെന്ന് ആരും കരുതേണ്ട. ശബരിമലയെ കലാപഭൂമിയാക്കാനാണ് ആർ.എസ്.എസ് ശ്രമം. ഭക്തർക്ക് സംരക്ഷണം നൽകേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. സ‌ർക്കാർ നടപടികൾ കൊണ്ട് നിലയ്ക്കലും പമ്പയിലും സമാധാനമുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ ആക്രമിച്ചാൽ മോശമാവുക കേരളത്തിന്റെ പേരാണ്. കേരളത്തെ എന്നും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവ‌ർക്ക് ഇതൊന്നും പ്രശ്നമല്ല. നാട് മുഴുവൻ അക്രമം അഴിച്ചുവിട്ട് ക്രമസമാധാനനില തക‌ർക്കാനാവുമോയെന്നാണ് നോക്കുന്നത്. ഇവരുടെ കൂടെയുള്ള ക്രിമിനലുകളെ ഉപയോഗിച്ച് നാടിനെ തകർക്കാമെന്നാണ് മോഹമെങ്കിൽ ശക്തമായി നേരിടും. ക്രമസമാധാനം ഉറപ്പാക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. വലിയ പോരാട്ടങ്ങളിലൂടെ കേരളം കൈവരിച്ച നവോത്ഥാന മുന്നേറ്റവും മതനിരപേക്ഷതയും തച്ചുതകർക്കാനും നാടിനെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോവാനുമാണ് സംഘപരിവാർ ശ്രമം. ചാതുർ‌വർണ്യത്തിൽ വിശ്വസിക്കുന്ന യാഥാസ്ഥിതിക വിഭാഗം എല്ലാ കാലത്തും മാറ്റങ്ങളെ എതിർത്തിട്ടുണ്ട്. ആചാരങ്ങൾ ലംഘിച്ചാൽ വലിയ ശിക്ഷ ലഭിക്കുമെന്ന് ഭയപ്പെടുത്തി പാവപ്പെട്ടവരെയും സ്ത്രീകളെയും ഇവ‌ർക്ക് അനുകൂലമായി അണിനിരത്തി. ചരിത്രത്തിൽ എവിടെയും ഈ യാഥാസ്ഥിതികരെയും പാവപ്പെട്ടവരെയും കണ്ടിട്ടില്ല. മാറ്റങ്ങൾക്കായി പട നയിച്ചവരാണ് ചരിത്രത്തിൽ ഇടംപിടിച്ചത്. സ്ത്രീകൾ മാറുമറച്ചപ്പോൾ തെറ്റാണെന്ന് പറഞ്ഞ് സ്ത്രീകൾ തന്നെ തുണി വലിച്ചു പറിച്ചെറിഞ്ഞ അനുഭവങ്ങളും മുന്നിലുണ്ട്. കേരളത്തിലെ കോൺഗ്രസുകാരുടെ നേതാവ് അമിത്ഷായാണ്. രാഹുൽഗാന്ധി വ്യക്തിപരമായി എന്തൊക്കെയോ വിളിച്ചുപറയുന്ന ആളാണെന്ന് പറയാൻ ഇവർ തന്നെ മത്സരിക്കുന്നു. തീർത്തും പരിഹാസ്യവും അധഃപതിച്ച അവസ്ഥയിലുമാണ് കോൺഗ്രസ്. വർഗീയതയുമായി സമരസപ്പെട്ട് വർഗീയ കക്ഷികൾക്ക് വളരാൻ അവസരമൊരുക്കുകയാണവർ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആയതുകൊണ്ടാണ് സ്ത്രീകൾക്ക് പോവാൻ പറ്റാത്തതെന്ന വാദമുയർത്തുന്നവർ സ്ത്രീകളെ കണ്ടാൽ അയ്യപ്പന്റെ മനസ്സിളകുമെന്ന് പറഞ്ഞ് അപമാനിക്കുകയാണ്. നാരദൻ തന്റെ പിതാവായ ബ്രഹ്മാവിന്റെ അടുത്ത് വന്ന് ലോകത്തെ ഏറ്റവും വലിയ നൈഷ്ഠിക ബ്രഹ്മചാരി ആരെന്ന് ചോദിച്ചപ്പോൾ ശ്രീകൃഷ്ണനെന്നാണ് മറുപടി നൽകിയത്. ഗോപസ്ത്രീകളുമായി ഉല്ലസിക്കുന്ന കൃഷ്ണനോയെന്ന് സംശയിച്ച് ദു‌ർവാസാവിനോടും ഇക്കാര്യം നാരദൻ ചോദിച്ചു. ഗോപസ്ത്രീകളുമായി ഉല്ലസിക്കുമ്പോഴും ശ്രീകൃഷ്ണന് മനസിൽ ദൃഢമായ ബ്രഹ്മചര്യമുണ്ടെന്നായിരുന്നു മറുപടി. ഇതാണ് ഹൈന്ദവമതം പറയുന്ന യഥാർത്ഥ നൈഷ്ഠിക ബ്രഹ്മചര്യം. പ്രളയം തകർത്ത ശബരിമലയിൽ മനുഷ്യസാദ്ധ്യമായ രീതിയിൽ അതിവേഗം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ശേഷിക്കുന്നവ വേഗത്തിൽ പരിഹരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു