പെരിന്തൽമണ്ണ: ദുരാചാരങ്ങളും അനീതികളും സമൂഹത്തിൽ നിന്ന് തുടച്ചുനീക്കിയപ്പോഴും ശത്രുക്കളെ സൃഷ്ടിച്ചില്ലെന്നതാണ് ശ്രീനാരായണ ഗുരുദേവന്റെ മഹത്വമെന്ന് ശിവഗിരി മഠത്തിലെ പ്രധാന സന്യാസിശ്രേഷ്ഠനായ സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ- ജീവിതവും തത്വദർശനവും എന്ന വിഷയത്തിൽ പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യൂണിയൻ അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തിൽ സംഘടിപ്പിച്ച പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിർശബ്ദങ്ങളെ ശാന്തതയോടെ നേരിട്ടതാണ് വലിയ സാമൂഹ്യ പരിഷ്കരണം സാദ്ധ്യമാക്കിയപ്പോഴും ഗുരുദേവന് ശത്രുക്കളുണ്ടാവാതിരുന്നതിന് കാരണം. ബുദ്ധന്റെ അഹിംസയും ക്രിസ്തുവിന്റെ സ്നേഹവും നബിയുടെ സാഹോദര്യവും ശ്രീശങ്കരാചാര്യന്റെ ജ്ഞാനവും ഭാരതീയ ഗുരുക്കൻമാരുടെ ആത്മീയതയും സമന്വയിച്ച വിശ്വദർശനമാണ് ശ്രീനാരായണ ഗുരു മുന്നോട്ടു വച്ചത്.രാവിലെ ഒമ്പതിന് അങ്ങാടിപ്പുറം ശ്രീനാരായണ ഗുരുമന്ദിരത്തിൽ ഗുരുപൂജയും ഗുരു പുഷ്പാഞ്ജലിയും നടന്നു.
യൂണിയൻ സെക്രട്ടറി പാമ്പലത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു . യൂണിയൻ പ്രസിഡന്റ് പാറക്കോട്ടിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനവും പ്രഭാഷണവും സച്ചിദാനന്ദ സ്വാമികൾ നിർവ്വഹിച്ചു. നൂറ് കണക്കിന് ഗുരുഭക്തർ ചടങ്ങിൽ സന്നിഹിതരായി. ഉച്ചയ്ക്ക് ശേഷം ഗുരുദർശന രഘന ദിവാകരന്റെ പ്രഭാഷണം നടന്നു. ചടങ്ങിന് യോഗം ഡയറക്ടർ ബോർഡ് അംഗം രമേശ് കോട്ടയപ്പുറത്ത്, കൗൺസിലർമാരായ വാസുകോതറായിൽ, ശ്രീധരൻ പരവയ്ക്കൽ, സുബ്രമണ്യൻ അങ്ങാടിപ്പുറം, അങ്ങാടിപ്പുറം ശാഖാ പ്രസിഡന്റ് കെ.കെ.പ്രേംകുമാർ, സെക്രട്ടറി രവി എന്നിവർ നേതൃത്വം നൽകി. ചെരയ്ക്കാപറമ്പ് വെസ്റ്റ് ശാഖാ സെക്രട്ടറി ഡി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.