മലപ്പുറം: ജില്ലയുടെ ആരോഗ്യമേഖലയെ പിടിച്ചുകുലുക്കിയ പകർച്ചവ്യാധികളും വൈറൽപനിയും പത്തിതാഴ്ത്തിയപ്പോൾ ചിക്കൻപോക്സ് തലപൊക്കുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ മാസം 130 ചിക്കൻപോക്സ് കേസുകളുണ്ടായി. ഇന്നലെ മാത്രം 14 പേർക്ക് അസുഖം ബാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്യുന്നത് ജില്ലയിലാണ്. ചൂടുകാലത്ത് സർവ്വസാധാരണമായി കണ്ടുവരുന്നതും അതിവേഗം പടരുന്നതുമായ ചിക്കൻപോക്സിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുവേ പ്രതിരോധശേഷി കുറഞ്ഞിരിക്കുമെന്നതിനാൽ ഗർഭിണികൾ, എയ്ഡ്സ് രോഗികൾ, പ്രമേഹരോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർ ഈ രോഗത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ പറയുന്നു.
അതേസമയം, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണത്തിൽ കുറവുണ്ട്. ദിവസം ശരാശരി 1,500ന് മുകളിൽ പേർ ചികിത്സ തേടിയിരുന്നെങ്കിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഏഴായിരത്തോളം പേരാണ് ചികിത്സ തേടിയത്. ഈ മാസം ഇതുവരെ 17 ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ 27 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജനുവരി മുതൽ നവംബർ വരെ 852 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 15 മരണങ്ങളുമുണ്ടായി. ജില്ലയിൽ പിടിമുറുക്കിയ എലിപ്പനിയും കുറഞ്ഞു വരുന്നുണ്ട്. ഇന്നലെ വരെ 21 എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. ജില്ലയിൽ ആകെ 172 എലിപ്പനി കേസുകളുണ്ടായപ്പോൾ ഏഴ് പേരാണ് മരിച്ചത്. എലിപ്പനിക്കെതിരെ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതും ശുചീകരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ ഉണർന്നു പ്രവർത്തിച്ചതും തുണയായി.
ചിക്കൻപോക്സിന്റെ ലക്ഷണങ്ങൾ
ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ആദ്യ ലക്ഷണം. 26 ദിവസംവരെ ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാവുമിത്.
മിക്കവരിലും തലയിലും വായിലുമാണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകുന്നു.
രോഗം പകരാതെ ശ്രദ്ധിക്കാം
രോഗിയുടെ വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക.
സ്പർശനം മൂലവും ചുമയ്ക്കുമ്പോഴും രോഗം പടരും.
കുമിളകൾ പ്രത്യക്ഷപ്പെട്ട് രണ്ടുദിവസം മുതൽ രോഗം പരക്കും.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കുക.
മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
130 ചിക്കൻപോക്സ് കേസുകളാണ് ഈ മാസം സ്ഥിരീകരിച്ചത്