കുറ്റിപ്പുറം: കുറ്റിപ്പുറം എക്സൈസ് ആർ.പി.എഫിന്റെ സഹായത്തോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ ട്രെയിൻ മാർഗം കടത്തിയ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. കോട്ടയ്ക്കൽ ഇന്ത്യന്നൂർ സ്വദേശി വീരാനകത്ത് മുനീറിനെ (23 )യാണ് കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജിജി പോളും സംഘവും അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ തുനിയിൽ നിന്നും ചെന്നൈ വഴി ട്രെയിൻ മാർഗമാണ് പ്രതി കഞ്ചാവ് എത്തിച്ചത്. കഴിഞ്ഞ മാസം കുറ്റിപ്പുറം എക്സൈസ് സംഘത്തെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കവേ നാല് കിലോ കഞ്ചാവുമായി പിടിയിലായ സംഘത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. കോട്ടയ്ക്കൽ, പുത്തനത്താണി, രണ്ടത്താണി, വളാഞ്ചേരി മേഖലയിൽ മൊത്തക്കച്ചവടക്കാർക്ക് കഞ്ചാവെത്തിക്കുന്നതിൽ പ്രധാനിയാണ് മുനീർ. പിടികൂടിയ കഞ്ചാവിന് വിപണിയിൽ രണ്ടു ലക്ഷത്തോളം വിലയുണ്ട്. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ, പ്രിവന്റീവ് ഓഫീസർമാരായ വി.ആർ. രാജേഷ് കുമാർ, എസ്.ജി. മധുസൂദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത്, വിനേഷ്, ഷിബു ശങ്കർ, ഹംസ, വനിതാ സി.പി.ഓമാരായ ടി.കെ.രജിത, ടി.കെ. ജ്യോതി, ദിവ്യ, എക്സൈസ് ഡ്രൈവർ ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.