വളാഞ്ചേരി: ഇരിമ്പിളിയം വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. തിങ്കളാഴ്ച താത്കാലിക ജീവനക്കാരിയായ സ്വീപ്പർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. വിവിധ ആവശ്യങ്ങൾക്കെത്തിയവർ മണിക്കൂറുകൾ ഓഫീസിൽ കാത്തിരുന്ന് ഒടുവിൽ നിരാശരായി മടങ്ങി. ഇരിമ്പിളിയം വില്ലേജ് ഓഫീസർ രണ്ടു മാസമായി അവധിയിലാണ് . പകരം ചുമതല നൽകിയ ഉദ്യോഗസ്ഥന് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി . അദ്ദേഹം ഈ മാസം 30ന് പോകും. വില്ലേജ് അസിസ്റ്റന്റ് രണ്ടാഴ്ചത്തെ അവധിയിൽ വിദേശ പര്യടനത്തിലാണ്. പിന്നെ ആകെയുള്ളത് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വികലാംഗയായ പാർട്ട് ടൈം സ്വീപ്പറാണ്.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം താലൂക്കിൽ വിവിധ ആവശ്യങ്ങൾക്ക് പോകുക , ഫീൽഡിൽ പോയി രേഖകൾ പരിശോധിക്കുക , വിവിധ സർട്ടിഫിക്കറ്റുകൾ നൽകുക തുടങ്ങി നിരവധി ജോലികളാണ് ഉദ്യോഗസ്ഥർക്കുള്ളത്. ഇതെല്ലാം താളം തെറ്റിയിരിക്കുകയാണ്. ആറ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് മൂന്നുപേരെക്കൊണ്ടാണ് ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇവരും ലീവെടുക്കുന്നതോടെ ഓഫീസ് അനാഥമാവുകയാണ്. തിങ്കളാഴ്ച വിവിധ സർട്ടിഫിക്കറ്റുകൾക്കും മറ്റും ഓഫീസിലെത്തിയവർ മണിക്കൂറുകൾ കാത്തിരുന്നിട്ടും ഉദ്യോഗസ്ഥർ എത്താഞ്ഞതിനാൽ നിരാശരായി മടങ്ങി. പ്രളയക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച വില്ലേജാണ് ഇരിമ്പിളിയം. വിവിധ രേഖകൾക്കായി എത്തുമ്പോൾ വില്ലേജ് ഓഫീസിൽ ആളില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ആവശ്യമായ നിയമനം ഉടൻ നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.