തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർ സർവകലാശാല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. കൊണ്ടോട്ടി ഇ.എം.ഇ.എ കാേളേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 53 പോയിന്റ് കരസ്ഥമാക്കിയാണ് ചാമ്പ്യന്മാരായത്. 34 പോയിന്റ് നേടിയ കേരള സർവകലാശാല രണ്ടാം സ്ഥാനത്തെത്തി. 32 പോയിന്റ് നേടി അണ്ണാ സർവകലാശാല മൂന്നാം സ്ഥാനവും 28 പോയിന്റ് നേടി സെന്റ് ഗഡ്ജ് ബാബ അമരാവതി സർവകലാശാല നാലാം സ്ഥാനവും 24 പോയിന്റുമായി സാവിത്രി ഭായ് ഫുലെ പൂനെ സർവകലാശാല അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. കാലിക്കറ്റിനു വേണ്ടി കെ.കെ. അബ്ദുൾ ഷെമിഹ് (65കിലോഗ്രാം) ഒന്നാം സ്ഥാനവും കെ.യു. മുർഷിദ്( 65 കിലോഗ്രാം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന ചടങ്ങിൽ കാലിക്കറ്റ് എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു, എയർപോർട്ട് ഡെപ്യൂട്ടി കമാൻഡർ എ.വി കിഷോർ കുമാർ, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഷംസുദ്ദീൻ, ബഷീറലി ഷിഹാബ് തങ്ങൾ, ഡോക്ടർ വിൽഫ്രഡ്, മുഹമ്മദ് സലീൽ, കുഞ്ഞുമുഹമ്മദ് മോങ്ങം, സിനി ആർട്ടിസ്റ്റ് അബു സലിം , ഇ.എം.ഇ.എ കോളേജ് പ്രിൻസിപ്പൽ ഡോ. സി.പി. അയൂബ് കേയി, കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. വി.പി.സക്കീർ ഹുസൈൻ എന്നിവർ മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. ഇ.എം.ഇ.എ കോളേജ് കായിക അദ്ധ്യാപകൻ ഷിഹാബുദ്ദീൻ നന്ദി പറഞ്ഞു. മുൻ ഇന്ത്യൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻ എ.പി.ജോഷി ആണ് കാലിക്കറ്റ് സർവകലാശാലയുടെ പരിശീലകൻ. ശ്രീകൃഷ്ണ കോളേജ് ഗുരുവായൂരിലെ ഡോ. ഹരിദയാൽ അസിസ്റ്റന്റ് കോച്ചും വളാഞ്ചേരി എം.ഇ.എസ് കോളേജിലെ എസ്.ദിനിൽ ടീം മാനേജരുമാണ്.