കുറ്റിപ്പുറം: ക്ഷേത്ര ഊട്ടുപുരയിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നവരിൽ ഒരാൾകൂടി മരിച്ചു. കുറ്റിപ്പുറം വിണ്ണൻചാത്ത് മണി (48) ആണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. സംഭവത്തിൽ പൊള്ളലേറ്റ വിണ്ണൻചാത്ത് ഉണ്ണികൃഷ്ണൻ (41) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ മറ്റു രണ്ടുപേർ ഇപ്പോഴും തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ അഖണ്ഡനാമ യജ്ഞത്തിന്റെ ഭാഗമായി ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഉണ്ണികൃഷ്ണന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചു. മണിയുടെ സംസ്‌കാരം ഇന്ന് നടക്കും. ധന്യയാണ് മണിയുടെ ഭാര്യ. മക്കൾ: കാവ്യ, അപ്പു.