നിലമ്പൂർ: വയനാട് എം.പി എം.ഐ ഷാനവാസിന്റ അകാലമരണം നിലമ്പൂർ മണ്ഡലത്തിന് കനത്ത നഷ്ടം. നിലമ്പൂർ നഞ്ചൻകോട് പാതയ്ക്കായി ഷാനവാസ് പാർലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടമാണ് നടത്തിയത്. പ്രളയ സമയത്ത് ആരോഗ്യപ്രശ്നങ്ങൾ വകവയ്ക്കാതെ ഷാനവാസ് നിലമ്പൂരിൽ സജീവമായിരുന്നു. തുടർച്ചയായി അഞ്ച് തിരഞ്ഞെടുപ്പ് പരാജയങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് വയനാട് മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക് മത്സരിച്ചത്. 2009ലെ റെക്കാഡ് ഭൂരിപക്ഷത്തിന് വയനാടിന്റെ പ്രഥമ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന കെ.മുരളീധരൻ മത്സരിച്ച് ഒരു ലക്ഷം വോട്ട് നേടിയ ഇലക്ഷനിലായിരുന്നു തിളക്കമാർന്ന വിജയം. കസ്തുരിരംഗൻ വിഷയം കത്തിനിൽക്കുകയും ദേശീയതലത്തിൽ കോൺഗ്രസിന് വൻ തകർച്ചയുണ്ടാവുകയും ചെയ്തപ്പോഴും 2014ൽ വയനാട്ടിൽ നിന്നും വീണ്ടും വിജയിച്ചു. വയനാട് ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ലീഡ് നേടിയപ്പോഴും. മലപ്പുറം ജില്ലയിലെ നിലമ്പൂർ. വണ്ടൂർ. ഏറനാട് മണ്ഡലങ്ങൾ ഷാനവാസിന് പിന്നിൽ ഉറച്ചു നിന്നു. ജില്ലയിലെ മണ്ഡലങ്ങളിൽ എം.പി ഫണ്ട് വിനിയോഗം ഏറെ ഫലപ്രദമായി നടപ്പാക്കി. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു ഷാനവാസ്. മൂന്നാം തവണയും ഷാനവാസ് വയനാട്ടിൽ നിന്നും മത്സരിക്കുമെന്ന പ്രചാരണത്തിനിടയിലായിരുന്നു പാർട്ടിയുടെ മൂന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായി നിയമിതനായത്. പ്രളയകാലത്ത് നിലമ്പൂരിൽ എത്തിയ ഷാനവാസിന്റെ പര്യടനത്തിൽ നിന്നും ഒരു വിഭാഗം വിട്ടുനിന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. ആരോഗ്യകാരണങ്ങളാൽ മണ്ഡലത്തിൽ സജീവമാകാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ലെങ്കിലും മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കുറവ് വരുത്തിയിരുന്നില്ല.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും വയനാട് എം.പിയുമായ എം.ഐ. ഷാനവാസിന്റെ വിയോഗത്തിലൂടെ തന്റെ അടുത്ത സ്നേഹിതനെയും സഹപ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടത്. താൻ ഡി.സി.സി പ്രസിഡന്റായിരുന്നപ്പോൾ ഷാനവാസ് കെ.എസ്.യു പ്രസിഡന്റായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് .വയനാട് മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഷാനവാസിന്റെ നിര്യാണത്തിലൂടെ കനത്ത ആഘാതമുണ്ടായി
ആര്യാടൻ മുഹമ്മദ്
സംഘടനാരംഗത്തും പാർലമെന്ററി രംഗത്തും ഒരുപോലെ മികവ് പുലർത്തിയ നേതാവാണ് എം.ഐ. ഷാനവാസ് എം.പി. ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും കർഷകരും തിങ്ങിപ്പാർക്കുന്ന മണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനം അദ്ദേഹം കാഴ്ചവച്ചു. ആരോഗ്യപ്രശ്നങ്ങൾ വകവയ്ക്കാതെ മണ്ഡലത്തിൽ എല്ലായിടത്തും ഓടിയെത്തി. കോൺഗ്രസിന്റെ മതേതര നിലപാട് ഉയർത്തിപ്പിടിച്ചു.
വി.വി. പ്രകാശ്
ഡി.സി.സി പ്രസിഡന്റ്
എ.ഐ. ഷാനവാസിന്റെ നിര്യാണത്തിലൂടെ ഒരു സഹോദരനെയും കുടുംബസുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടത്. യു.ഡി.എഫിനും തനിക്ക് വ്യക്തിപരമായും നികത്താനാവാത്ത നഷ്ടമാണ്. രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ ഷാനവാസിനെ പോലെയുള്ള ഒരു നേതാവിന്റെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
പി.വി.അബ്ദുൾ വഹാബ് എം.പി
രാഷ്ട്രീയത്തിനതീതമായി വ്യക്തി സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് എം.ഐ.ഷാനവാസ് എം.പി. എം.പിയുടെ വിയോഗം നാടിനും പ്രത്യേകിച്ചും കോൺഗ്രസ്സിനും തീരാ നഷ്ടമാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്ത് എത്തിയ എം.ഐ ഷാനവാസ് എല്ലാവരുമായി നല്ല സൗഹൃദമാണ് കാത്തു സൂക്ഷിച്ചിരുന്നത്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും തമ്മിൽ നല്ല ബന്ധമാണുണ്ടായിരുന്നത്.
പി.വി.അൻവർ
എം.എൽ.എ