മലപ്പുറം: ഡ്രൈവിംഗ് ലൈസൻസ് പുതുക്കലിലും ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോർ വാഹന വകുപ്പ്. പുതിയ ഭേദഗതി പ്രകാരം 7500 കിലോഗ്രാമിൽ താഴെ ലോഡ് ഉൾപ്പെടെ ഭാരം വരുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഓട്ടോറിക്ഷ, ത്രീവീലർ ഗുഡ്സ് തുടങ്ങിയ ട്രാൻസ്പോർട്ട് ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ ബാഡ്ജ് ആവശ്യമില്ല. ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിംഗ് ലൈസൻസുകൾ ഇനി മുതൽ മൂന്ന് വർഷം കൂടുമ്പോൾ പുതുക്കേണ്ട. ആ ലൈസൻസിന്റെ സാധുത സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള കാലാവധിയായി കണക്കാക്കും. ലൈറ്റ് മോട്ടോർ വെഹിക്കിളിന് മുകളിൽ ലോഡടക്കം 7500 കിലോഗ്രാമിൽ കൂടുതൽ ഭാരം വരുന്ന വാഹനങ്ങൾ ഓടിക്കുന്നതിന് ഹെവി ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ആവശ്യമാണ്. അത്തരത്തിലുള്ള ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി മൂന്നു വർഷമാണ്. ഹെവി ഡ്രൈവിംഗ് ലൈസൻസുകൾ മൂന്നു വർഷം കൂടുമ്പോൾ പുതുക്കണം. നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ച തീയതിയിൽ മാറ്റമുണ്ടാവില്ല. നിലവിൽ അനുവദിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി തീരുന്ന മുറയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്നും പുതുക്കി വാങ്ങണം.