പെരിന്തൽമണ്ണ: നഗരസഭയുടെ നേതൃത്വത്തിൽ ജനുവരി അവസാനവാരം നടക്കുന്ന സംരംഭക മഹാസമ്മേളനം ഇൻവെസ്റ്റേഴ്സ് കോൺക്ലേവിന് സംഘാടക സമിതി രൂപവത്കരിച്ചു. നഗരത്തിൽ പുതുതായി 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 200 ഓളം നൂതന വ്യാപാര സംരംഭങ്ങൾ ആരംഭിക്കാൻ നഗരസഭയും സ്വകാര്യ സംരംഭകരും സംയുക്തമായി വിഭാവനം ചെയ്യുന്ന 50 ഏക്കർ സംരംഭക സമുച്ചയത്തിന്റെ ലോഞ്ചിംഗിനോടനുബന്ധിച്ചാണ് ഇൻവെസ്റ്റേഴ്സ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
50 സംരംഭകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ, പെരിന്തൽമണ്ണ താലൂക്കിലെ 300 ഓളം സംരംഭകരുടെ ഒത്തചേരൽ, നൂതന സംരംഭകാശയങ്ങൾ അവതരിപ്പിക്കുന്ന 100ഓളം യുവസംരംഭക പ്രതിഭകളുടെ ഐഡിയാ ഷോപ്പും ഈ ആശയത്തിൽ മുതൽമുടക്കുന്നവരുടെ ഒത്തുചേരലും നഗരത്തിലെ പ്രധാന സംരംഭകരെ ആദരിക്കലും നടക്കും. നഗരത്തിൽ രൂപകൽപ്പന ചെയ്ത സംരംഭക സമുച്ചയത്തിൽ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തും.
ശിഫാ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് കോൺക്ലേവ് നടക്കുക.
കോൺക്ലേവിന്റെ വെബ് സൈറ്റും കോൺക്ലേവിൽ പങ്കെടുക്കാനുളള രജിസ്ട്രേഷൻ നടപടികളും ഡിസംബർ ഒന്നിന് ആരംഭിക്കും. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന കോൺക്ലേവ് സംഘാടക സമിതി രൂപവത്കരണ യോഗം നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. കെ.സി മൊയ്തീൻ കുട്ടി അദ്ധ്യക്ഷനായി. നഗരസഭ സെക്രട്ടറി അബ്ദുൾ സജീം സ്വാഗതവും വ്യവസായ ഓഫീസർ കെ.പി വരുൺ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി മഞ്ഞളാംകുഴി അലി എം.എൽ.എ, നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം, കെ.സി മൊയ്തീൻ കുട്ടി, താമരത്ത് ഉസ്മാൻ (രക്ഷാധികാരികൾ), ദാമോദർ അവനൂർ (ചെയർമാൻ), കെ.ടി.എം അബ്ദുൽ സലാം( ജനറൽ കൺവീനർ), എ.വി റഫീഖ് (കോർഡിനേറ്റർ), എ.വി മുസ്തഫ, ടി. ഗഫൂർ, എസ്. അനൂപ്, പി. യൂസഫ് (കൺവീനർമാർ), അയ്യപ്പൻ കണമല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കോൺക്ലേവിന് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യാൻ അപേക്ഷ ക്ഷണിച്ചു. ലോഗോ വരച്ച് നവംബർ 30നകം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ഓഫീസിൽ എത്തിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് കാഷ് അവാർഡും പുരസ്കാരവും നൽകും.