മലപ്പുറം: ജില്ലാ ആസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ യാഥാർത്ഥ്യമാവുന്നത് അനിശ്ചിതമായി നീളുന്നു. നാല് നിലകളുള്ള ടെർമിനലിന്റെ നിർമ്മാണം മാസങ്ങൾക്ക് മുമ്പേ പൂർത്തിയാക്കിയെങ്കിലും ഇലക്ട്രിക്കൽ, പമ്പിംഗ്, നിലപ്പണികൾ എന്നിവ ഇനിയും തുടങ്ങിയിട്ടില്ല.
കെ.എസ്.ആർ.ടി.സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും റൂമുകൾ വാടകയ്ക്ക് പോവാഞ്ഞതുമാണ് ടെർമിനലിന് തിരിച്ചടിയായത്. പ്രവൃത്തി എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച് അധികൃതർക്ക് വ്യക്തമായ ധാരണയില്ല. റൂമുകളുടെ വാടകയിനത്തിൽ ലഭിക്കുന്ന തുക ഉപയോഗിച്ച് തുടർനിർമ്മാണ പ്രവൃത്തികൾ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. റിയൽഎസ്റ്റേറ്റ്, കച്ചവട ലോബിയുടെ ഇടപെടലിനെ തുടർന്ന് ഒരു റൂം മാത്രമാണ് വാടകയ്ക്ക് പോയത്. പുതിയ ടെർമിനൽ നീളുന്നത് യാത്രക്കാർക്കും മലപ്പുറം ഡിപ്പോയിലെ ജീവനക്കാർക്കും കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് ഇപ്പോഴും ഓഫീസ് പ്രവർത്തിക്കുന്നത്. പ്ലംബ്ലിംഗും ഇലക്ട്രിക്കൽ ജോലിയും പൂർത്തിയായാലുടൻ ഓഫീസ് ഇങ്ങോട്ടേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പഴയ ഓഫീസ് പൊളിച്ചാലേ ബസ് സർവീസ് യാർഡിന്റെ പ്രവൃത്തി തുടങ്ങാനാവൂ. ദീർഘദൂര യാത്രക്കാർ അടക്കമുള്ളവർക്ക് പ്രഥമികാവശ്യങ്ങൾക്കുള്ള സൗകര്യം പോലും മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാന്റിലില്ല.
കടമുറികളുടെ വാടകയിലൂടെ കെ.എസ്.ആർ.ടി.സിക്ക് വരുമാനവും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2006ലാണ് 12 നിലകളുള്ള ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന് ഭരണാനുമതി ലഭിച്ചെങ്കിലും പിന്നീട് നിലകളുടെ എണ്ണം നാലായി ചുരുങ്ങി. നിരവധി അനിശ്ചിതത്വങ്ങൾക്ക് ശേഷം 2016 ഡിസംബറിലാണ് നിർമ്മാണത്തിന് തുടക്കമിട്ടത്. ഒന്നര വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.
നഗരമദ്ധ്യത്തിൽ കോടികൾ വിലമതിക്കുന്ന 2.15 ഏക്കർ സ്ഥലം പ്രയോജനപ്പെടുത്തിയാണ് നിർമ്മാണം ആരംഭിച്ചത്.
മഞ്ചേരിയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെർമിനലിന്റെ നിർമ്മാണച്ചുമതല നൽകിയത്.
അനുവദിച്ച തുക തന്നെ ലഭിക്കുന്നത് വൈകിയതോടെ പണികൾ പൂർത്തിയാകാൻ കാലതാമസമെടുത്തു.
ഗ്രൗണ്ട് ഫ്ളോറിലാണ് ബസ് ബേ വിഭാവനം ചെയ്തിട്ടുള്ളത്. ഇവിടെ യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാനുള്ള സൗകര്യവും ആധുനികരീതിയിൽ രൂപകൽപ്പന ചെയ്ത ഇരിപ്പിടങ്ങളും ശുചിമുറികളുമുണ്ടാവും.
വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്.
ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ബസ് ടെർമിനലാണ് നോക്കുകുത്തിയാവുന്നത്.
7.90കോടി രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിരുന്നത്