hh
.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനായത് വലിയ നേട്ടമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വിമാനത്താവളം പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരികയാണ്. വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട നടപടികളും വിമാനത്താവള വികസനവും ചർച്ച ചെയ്യാൻ 29ന് വിമാനത്താവള ഉപദേശക സമിതി യോഗം ചേരും. കരിപ്പൂരിലെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹയെ ക്ഷണിച്ചിട്ടുണ്ട്. വലിയ വിമാനങ്ങളുടെ സർവീസുകൾക്കൊപ്പം ഹജ് എംബാർക്കേഷൻ പോയന്റ് കൂടി പുനഃസ്ഥാപിച്ചതോടെ പ്രവാസികൾക്കും തീർത്ഥാടകർക്കും വ്യാപാര, വ്യവസായ, വാണിജ്യരംഗത്തുള്ളവർക്കും നേട്ടമുണ്ടാകും. എമിറേറ്റ്സ് അധികൃതരുമായി നടത്തിയ ചർച്ചയിൽ കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനുള്ള സന്നദ്ധത അവർ അറിയിച്ചിട്ടുണ്ട്. എമിറേറ്റ്സ് വിമാനങ്ങൾ എത്തുന്നതോടെ ദുബായിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്‌ഷൻ വിമാനങ്ങളും ലഭ്യമാകും. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സർവീസുകൾ പുനക്രമീകരിച്ചാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിക്കുന്നത്. വിമാനങ്ങളുടെ കുറവാണ് എയർ ഇന്ത്യയ്ക്ക് സർവീസ് പുനരാരംഭിക്കാനുളള തടസം. ഇക്കാര്യത്തിൽ സമ്മർദ്ദം തുടരുമെന്നും അദ്ദേഹം പറഞ്ഞു.