മലപ്പുറം: തുലാവർഷ നീരൊഴുക്ക് പരമാവധി സംഭരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ നിർജ്ജീവമായി കിടക്കുന്ന എല്ലാ തടയണകളും ജനപങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിക്കും. പ്രളയാനന്തരം ജലസ്രോതസ്സുകളിലുണ്ടായ അസാധാരണമായ താഴ്ച വേനൽക്കാലത്തെ കടുത്ത വരൾച്ചയുടെ സൂചനയാണെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഹരിതകേരള മിഷനിലെ ജല ഉപമിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറുകിട ജലസേചനവിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ജില്ലാഭരണകൂടവും ജില്ലാപഞ്ചായത്തും പദ്ധതിയിൽ സഹകരിക്കും. നിലവിലുള്ള അഞ്ച് റെഗുലേറ്ററുകളും തോടുകൾക്ക് കുറുകെയുള്ള നിരവധി ചീർപ്പുകളുമാണ് ജില്ലയിലെ പ്രധാന ജലസംഭരണികൾ. വർഷങ്ങൾ പഴക്കമുള്ള ഈ ചീർപ്പുകളിൽ തുലാവർഷ നീരൊഴുക്ക് സംഭരിക്കപ്പെടാതെ നഷ്ടപ്പെട്ടുപോവുകയാണ്. അതിനാൽ ഇത്തരം നിർമ്മിതികളുടെ വെന്റുകൾ മണ്ണോ മണലോ നിറച്ച ചാക്കുകൾ ഉപയോഗിച്ച് താത്കാലികമായി അടച്ച് ജലം സംഭരിക്കുന്നതാണ് പ്രവൃത്തി.
ഒരു കിലോമീറ്ററിനുള്ളിൽ മൂന്നോ നാലോ സ്ഥലങ്ങളിലെ തോടുകൾക്ക് കുറുകെ വി.സി.ബികൾ ഉണ്ടെന്ന് കണക്കാക്കിയാൽ ഒരു നിശ്ചിത ദൂരത്തിൽ വരുന്ന പ്ലാസ്ററിക് പ്ലവ മാലിന്യങ്ങൾ മാത്രമേ നിർമ്മിതികൾക്കരികിൽ നിന്നും എടുത്തുമാറ്റേണ്ടി വരികയുള്ളു.
. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നവംബർ 26 മുതൽ 30 വരെ നിലവിലെ സാങ്കേതിക സമിതികളുടെ നേതൃത്വത്തിൽ യോഗംചേരും. പദ്ധതിയിൽ സഹകരണം ഉറപ്പുവരുത്താൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ ഹരിതകേരള മിഷൻ കോർഡിനേറ്റർ പി.രാജു, ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ പി.അജിത് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, എൻ.എസ്.എസ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്,ട്രോമോ കെയർ തുടങ്ങിയവയിലെ ജില്ലാകോർഡിനേറ്റർമാർ, വ്യാപാരി-വ്യവസായി സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വലിയ പങ്കാളിത്തം ഉറപ്പാക്കും
നിലവിലെ തടയണകളുടെ പുനരുജ്ജീവനവും താത്ക്കാലിക തടയണകളുടെ നിർമ്മാണവും പദ്ധതി വിഭാവനം ചെയ്യുന്നു.
ഹരിതകേരളമിഷന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് തുടങ്ങി രണ്ടാം ആഴ്ചയിൽ അവസാനിപ്പിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയിൽ സർക്കാരിതരസംഘടനകളും സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡൻസ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ, കുടുംബശ്രീ പ്രവർത്തകർ, പ്രാദേശിക ക്ലബുകൾ, നാട്ടുകാർ, വ്യപാരി വ്യവസായി സംഘടനകൾ, ട്രോമോ കെയർ അംഗങ്ങൾ തുടങ്ങിയവർ സഹകരിക്കും
500തടയണകളെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുളള പദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കാൻ കഴിയും.
50മില്ല്യൻ ക്യൂബിക്ക് മീറ്റർ വെള്ളംഇത്തരത്തിൽ സംഭരിക്കാനാകും.