കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1807.82 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കോടിയേരി എ.പി.നൗഫലിനെ കസ്റ്റംസ് അറസ്റ്റുചെയ്തു. എയർ ഇന്ത്യയുടെ ഐ.എക്സ്-344 ഷാർജ-കോഴിക്കോട് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഇയാളെ ദേഹ പരിശോധന നടത്തിയപ്പോഴാണ് മിശ്രിത രൂപത്തിൽ സ്വർണം കണ്ടെത്തിയത്. ഷർട്ടിന്റെ കോളറുകളുടെ പിൻഭാഗം, അരക്കെട്ടിലെ ഭാഗം, പാന്റിന്റെ താഴ്ഭാഗം എന്നിവിടങ്ങളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം. 20 പാക്കറ്റുകളിലായി 2450.558 ഗ്രാം മിശ്രിതമാണ് കണ്ടെത്തിയത്. ഇതിൽ നിന്നും 1807.82 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 54,57,809 രൂപ വിലവരും