നിലമ്പൂർ: മാവോവാദികളും സുരക്ഷാസേനയും തമ്മിൽ നിലമ്പൂർ വനത്തിലുണ്ടായ ഏറ്റുമുട്ടലിന്റെ രണ്ടാം വാർഷികദിനമായ നവംബർ 24നോടനുബന്ധിച്ച് പൊലീസ് സുരക്ഷാ പരിശോധനകൾ കർശനമാക്കി. മാവോയിസ്റ്റ് ഗറില്ലാ സേനാംഗങ്ങളുടെ സാന്നിദ്ധ്യം മേഖലയിൽ നക്സൽ വിരുദ്ധ ഇന്റലിജന്റ്സ് വിഭാഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മാവോയിസ്റ്റ് ഭീഷണിയുള്ള പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് ഇത്തവണ മാവോവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്നതാണ് മുൻകരുതലുകളെടുക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. വനത്തിനുള്ളിൽ തണ്ടർബോൾ സേനാംഗങ്ങളുടെ നേതൃത്വത്തിൽ തെരച്ചിലുകൾ നടക്കുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിലുൾപ്പെടെ വാഹനപരിശോധന കർശനമാക്കി. ഇതിനു പുറമേ ഷാഡോ പൊലീസ് നിരീക്ഷണവും ശക്തമാണ്. ഭീഷണിയുള്ള കരുവാരക്കുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, നിലമ്പൂർ, എടക്കര, വഴിക്കടവ്, പോത്തുകൽ സ്റ്റേഷനുകളിലാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
2 വർഷം മുമ്പ്
എടക്കരയിലെ പടുക്ക വനമേഖലയിൽ സി.പി.ഐ(മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം ദേവരാജൻ, അജിത എന്നിവരാണ് പൊലീസുമായുളള ഏറ്റുമുട്ടലിൽ മരിച്ചത്.
വനത്തിൽ മാവോയിസ്റ്റുകൾ തമ്പടിച്ചതറിഞ്ഞ് പൊലീസ് നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
2016 നവംബർ 24നായിരുന്നു വെടിവയ്പ്പ്