വളാഞ്ചേരി : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് തുടക്കം കുറിച്ചുളള കലാ സാംസ്കാരിക സമ്മേളനം മന്ത്രി വി.എസ് . സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ കെ മുരളി അദ്ധ്യക്ഷനായിരുന്നു. ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരി ഭദ്രദീപം കൊളുത്തി. ഈ വർഷത്തെ തൃക്കാർത്തിക പുരസ്കാരം പ്രമുഖ വ്യവസായി ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോന് വേണ്ടി വൈസ് ചെയർമാൻ ടി. പി. സീതാറാം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. മലബാർ ദേവസ്വം ബോർഡ് മെമ്പർമാരായ ടി.എൻ. ശിവശങ്കരൻ, എ. പ്രദീപൻ , പി.എം. സാവിത്രി, ക്ഷേത്രംട്രസ്റ്റി എം.വി. അച്യുതവാരിയർ, മേൽശാന്തി പുതുമന നാരായണൻ എമ്പ്രാന്തിരി, മാനേജർ അപ്പു വാരിയർ,എൻജിനീയർ കെ. വിജയകൃഷ്ണൻ, സി.വി. അച്യുതൻകുട്ടി, കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.സി ബിജു,സൂപ്രണ്ട് എൻ.വി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് തിരുവാതിരക്കളിയും ഗുരുവായൂർ ബർസാന നാട്യ കലാ ക്ഷേത്രത്തിലെ മീര സന്തോഷും സംഘവും അവതരിപ്പിച്ച നൃത്ത സമന്വയവും അരങ്ങേറി. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ നെയ്ദീപ സമർപ്പണം നടക്കും.
രാവിലെ 10ന് തൃക്കാർത്തിക പിറന്നാൾ സദ്യ ആരംഭിക്കും. ആയിരങ്ങൾ പങ്കെടുക്കും. രാത്രി എട്ടിന് തിരുവനന്തപുരം വൈഗ വിഷൻ അവതരിപ്പിക്കുന്ന ബാലെ കാളിയമ്മൻ അരങ്ങേറും.