പെരിന്തൽമണ്ണ: യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച കേസിൽ 12 യുവാക്കളെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യാകുർശി സ്വദേശികളായ മുച്ചിരിക്കോട്ടിൽ ഷബീർ(31), തുവ്വക്കാടൻ ഷമീർ(31), തയ്യിൽ മുബഷിർ(21), കുന്നുമ്മൽ ഇബ്രാഹിം ബാദുഷ(25), തടാൻ പള്ളിയാൽ മുഹമ്മദ് ആഷിഖ്(23), മുണ്ടക്കതൊടി ഷഫീറുദ്ദീൻ(28), മുരിങ്ങക്കോടൻ മുഹമ്മദ് റിയാസ്(25), ചേരിയിൽ മുഹമ്മദ് ഷഫീഖ്(28), ചക്കുപുരക്കൽ മുഹമ്മദ് റിഷാദ്(21), കലകപാറ മുഹമ്മദ് സ്വാലിഹ്(27), കങ്കത്ത് ബഷീർ(25), ചേരിയിൽ മുഹമ്മദ് ഷഫീഫ്(26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ തൂത സ്വദേശി ചുണ്ടമ്പറ്റ മുഹമ്മദ് അനസിനെയാണ്(20)സംഘം മർദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. അനസ് നൽകിയ പരാതിയിലാണ് സി.ഐ. ടി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റുചെയ്തത്. പൊന്ന്യാകുർശിയിലുള്ള ബുള്ളറ്റ് വർക്ഷോപ്പിന് മുന്നിലായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലെത്തിയ നാലുപേരാണ് ആദ്യം മർദ്ദനത്തിന് തുടക്കമിട്ടത്. പിന്നീട് ബാക്കിയുള്ളവരെക്കൂടി വിളിച്ചുവരുത്തി. സംഭവത്തിലുൾപ്പെട്ട രണ്ടുപേരെ കൂടി ഇനി പിടികൂടാനുണ്ടെന്നും സി.ഐ. അറിയിച്ചു.