പൊന്നാനി: ഇൻക്വിലാബും തക്ബീർ ധ്വനികളും ഒരേ സമയം മുഴങ്ങിക്കേട്ട ചരിത്രത്തിലെ വേറിട്ട സമരത്തിന് 80 വയസ് തികയുന്നു. ജീവൻ നിലനിറുത്താനുതകുന്ന വേതനമാവശ്യപ്പെട്ട് പൊന്നാനിയിലെ ബീഡിത്തൊഴിലാളികൾ നടത്തിയ സമരത്തിന്റെ ഓർമ്മകൾ ഇനിയും മാഞ്ഞിട്ടില്ല. ബീഡിത്തൊഴിലാളി സമരം കേരളത്തിലെ പ്രധാന തൊഴിലാളി അവകാശപോരാട്ടത്തിന്റെ മുൻപന്തിയിലാണുളളത്. 1930കൾ മുതൽ പൊന്നാനിയിൽ ബീഡി വ്യവസായം സജീവമായിരുന്നു. പൊന്നാനിയിൽ നിർമ്മിച്ചിരുന്ന 'ഈർക്കിലി ബീഡി' വലിയ ബണ്ടിലുകളിലാക്കി ചേറ്റുവ കടപ്പുറം വഴി പത്തേമാരികളിലൂടെ ശ്രീലങ്കയിലേക്കടക്കം കയറ്റിയയച്ചിരുന്നു. പൊന്നാനി അങ്ങാടിയിൽപ്രവർത്തിച്ചിരുന്ന എ.വി കമ്പനി, പി.കെ കമ്പനി, ഇ.എസ്.കെ കമ്പനി, സോപ്പ് കമ്പനി എന്നിവിടങ്ങളിലായി 600ഓളം തൊഴിലാളികളാണ് പ്രവർത്തിച്ചിരുന്നത്. പുരുഷന്മാർ കമ്പനിയിലും സ്ത്രീകൾ വീടുകളിലും വച്ചാണ് ബീഡി തെറുത്തിരുന്നത്. പൊന്നാനി അങ്ങാടിയിലെ സാധാരണ മുസ്ലിം കുടുംബങ്ങളായിരുന്നു തൊഴിലാളികളിലധികവും. 1000 ബീഡി തെറുത്താൽ അഞ്ചണയായിരുന്നു (30 പൈസ) കൂലി. 1939ൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് പ്രചാരം സിദ്ധിച്ചതോടെ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികൾ ബോധവാന്മാരാകുന്ന സാഹചര്യമുണ്ടായി. ഈ ഘട്ടത്തിൽ ബീഡിക്കമ്പനികൾ കൂലി വീണ്ടും കുറച്ചതോടെ ചൂഷണത്തിനെതിരായ ചെറുത്തുനിൽപ്പിന് തൊഴിലാളികൾ സജ്ജരായി. വിവരമറിഞ്ഞ് കമ്മ്യൂണിസ്റ്റ് നേതാവ് കെ. ദാമോദരൻ പൊന്നാനിയിലെത്തി. ആയിരം ബീഡിക്ക് ഒരു രൂപയും 14 അണയും കൂലി ആവശ്യപ്പെട്ട് കമ്പനികൾക്ക് മുന്നിൽ പിക്കറ്റിംഗ് ശക്തമായി. വെയിലും മഴയും തളർത്താതെ സമരക്കാർ റോഡിൽ കിടന്നു. 'പോകണം സഖാക്കളെ പോർക്കളത്തിലൊപ്പമായി ചുട്ട ചുട്ട വെയിലിലും തോർന്നിടാത്ത മഴയിലും' എന്ന മുദ്രാവാക്യം സമരവീര്യം പ്രകടമാക്കി. യാഥാസ്ഥിതികരായ പൊന്നാനി അങ്ങാടിയിലെ മുസ്ലിം സ്ത്രീകൾ പോലും പാതിരാത്രിയിലും സമരരംഗത്തിറങ്ങി. ഇ.കെ. ഇമ്പിച്ചിബാവ, എ.പി.എം കുഞ്ഞിബാവ, എം.എ. ഹംസ, സഖാവ് ബാക്കു, ചെങ്കാളി കുഞ്ഞാവ, സഹോദരൻ കുഞ്ഞാവ, ടി.കെ അബ്ദുള്ളക്കുട്ടി തുടങ്ങിയ പ്രാദേശികനേതാക്കൾ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. സമരത്തെ തകർക്കുന്നതിന്റെ ഭാഗമായി കമ്പനികൾ ലോക്കൗട്ട് ചെയ്യുകയും കെ. ദാമോദരനെ അറസ്റ്റുചെയ്യുകയും ചെയ്തതോടെ സമരക്കാർ പ്രയാസത്തിലായെങ്കിലും മുതലാളിമാരെ സംഘടിത ശക്തികൊണ്ട് വെള്ളംകുടിപ്പിച്ചു. അവസാനം കൂലി ഒരു രൂപയാക്കാൻ മുതലാളിമാർ നിർബന്ധിതരായി. പൊന്നാനിയിലെ മാത്രമല്ല ജില്ലയിലും കേരളത്തിലും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് ബീഡിത്തൊഴിലാളി സമരം ഏറെ ഗുണം ചെയ്തു.