മലപ്പുറം: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ഭാര്യ എം.പി. ഫാത്തിമക്കുട്ടിയുടെ സ്ഥാനക്കയറ്റം കെ.ഇ.ആർ ചട്ടങ്ങൾ മറികടന്നും സീനിയോറിട്ടി ലംഘിച്ചുമാണെന്നും ചൂണ്ടിക്കാട്ടി സഹഅദ്ധ്യാപകർ നൽകിയ പരാതിയുടെ പകർപ്പും ഡി.ഡി.ഇയുടെ ഹിയറിംഗ് രേഖകളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. അദ്ധ്യാപകരായ വി.കെ. പ്രീതയും സി. ബാബു രാജേന്ദ്രനും ഹയർ സെക്കൻഡറി മേഖല ഉപഡയറക്ടർക്കും സ്കൂൾ മാനേജർക്കും നൽകിയ പരാതിയുടെ പകർപ്പ്
സ്ഥാനക്കയറ്റത്തിനെതിരെ പരാതിയില്ലെന്ന മന്ത്രി കെ.ടി. ജലീലിന്റെ വാദത്തെ പൊളിക്കുന്നതാണെന്ന് സിദ്ദിഖ് പന്താവൂർ
പറഞ്ഞു. സ്ഥാനക്കയറ്റത്തിൽ യുക്തമായ നടപടി കൈക്കൊള്ളാൻ മാനേജരോട് നിർദ്ദേശിക്കുമെന്ന് പരാതിക്കാരെ ഡി.ഡി.ഇ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഒരേദിവസം ജോലിയിൽ പ്രവേശിച്ച ഒന്നിലധികം പേരുണ്ടെങ്കിൽ നിയമനത്തിന് ജനനത്തീയതി മാനദണ്ഡമാക്കണം. ഇപ്രകാരം വി.കെ. പ്രീതയെയാണ് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകേണ്ടതെങ്കിലും സ്‌കൂൾ മാനേജരും ഡി.ഡി.ഇയും ഇക്കാര്യം പരിഗണിച്ചില്ല. മുൻ പ്രിൻസിപ്പൽ വിരമിച്ചതിനെ തുടർന്ന് 2016 മേയ് ഒന്നിനാണ് മന്ത്രിയുടെ ഭാര്യയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. പ്രിൻസിപ്പൽ നിയമനത്തിനായി പ്രസിദ്ധീകരിച്ച സീനിയോറിട്ടി ലിസ്റ്റിൽ തന്റെ സ്ഥാനം താഴ്ത്തിയതായി വി.കെ. പ്രീത മാനേജർക്ക് പരാതി നൽകിയിരുന്നു. ഭാര്യയുടെ സ്ഥാനക്കയറ്റം സാധുവാക്കാൻ മന്ത്രി ഇടപെട്ട് കെ.ഇ.ആർ ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നു. ഇതു സംബന്ധിച്ച വിവരാവകാശ രേഖകൾ മന്ത്രിയുടെ ഓഫീസ് തടഞ്ഞുവച്ചിരിക്കുകയാണ്. ഹൈസ്കൂൾ അദ്ധ്യാപക പരിചയം കണക്കിലെടുത്താണ് നിയമനമെന്ന മന്ത്രിയുടെ വാദം നിയമപരമായി തെറ്റാണ്. 2014ലെ ഹയർ സെക്കൻഡറി ഡയറക്ടറുടെ സർക്കുലർ പ്രകാരം 12 വർഷത്തെ സർവീസുള്ളവരുടെ അഭാവത്തിലേ പ്രിൻസിപ്പൽ നിയമനത്തിനിത് പരിഗണിക്കാവൂ. എന്നാൽ പരാതിക്കാരടക്കം അഞ്ച് അദ്ധ്യാപകർക്ക് ഇതിലധികം സർവീസുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.