മലപ്പുറം: ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിലവിവരപ്പട്ടിക ബോർഡുകളിൽ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിർദ്ദേശം നിലവിലുണ്ടെങ്കിലും മിക്ക സ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നില്ല. ഭക്ഷണ സാധനങ്ങൾക്ക് തോന്നിയ വില ഈടാക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ പരിശോധിക്കാനും നടപടി സ്വീകരിക്കാനും ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാതല സമിതി രൂപവത്കരിച്ചു.
എല്ലാ സ്ഥാപനങ്ങളിലും വിലവിവരപ്പട്ടികയുടെ പ്രദർശനം കർശനമായി നടപ്പാക്കുക എന്നതായിരിക്കും സമിതിയുടെ പ്രാഥമിക കർത്തവ്യം. കമ്മിറ്റിയുടെ കൺവീനർ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസറായിരിക്കും. ലീഗൽ മെട്രോളജി, പൊലീസ്, ആരോഗ്യം, സെയിൽ ടാക്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സമിതി അംഗങ്ങളായിരിക്കും.
സമിതിയുടെ നേതൃത്വത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മാസത്തിൽ രണ്ട് തവണയെങ്കിലും പരിശോധന നടത്തും. എല്ലാ മാസവും ഒരുതവണയെങ്കിലും നിലവിലുള്ള സാഹചര്യം വിലയിരുത്തുകയും അവലോകനം ചെയ്യുകയും വേണം. കൂടാതെ താലൂക്ക് തലത്തിലും സമിതികൾ രൂപവത്കരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തും.
നിയമം ലംഘിക്കുന്നവർക്കെതിരെ അവശ്യ സാധന നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് നടപടി സ്വീകരിക്കും. താലൂക്ക് തലത്തിൽ സപ്ലൈ ഓഫീസർമാരുടെയും റേഷൻ ഇൻസ്പെക്ടർമാരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ജില്ലാ സമിതിയുടെ പ്രവർത്തനങ്ങളും നടപടികളും അടുത്ത മാസം അഞ്ചിനകം സിവിൽ സപ്ലൈസ് ഡയറക്ടർക്ക് അയക്കും.
പലയിടത്തും പലത്
ജില്ലാ ആസ്ഥാനത്ത് തന്നെ ഊണിന് മാത്രം 90 രൂപ ഈടാക്കുന്ന ഹോട്ടലുകളുണ്ട്.
സാധാരണ സൗകര്യങ്ങൾ മാത്രമുള്ള ഹോട്ടലുകളാണിവ.
പല ഹോട്ടലുകളിലും ഊണിന് തന്നെ പല വിലയാണ്.
ഓരോ നോമ്പ് സീസൺ കഴിയുമ്പോഴും ഊണിന് വില കൂട്ടുന്നതും പതിവാണ്.
ശബരിമല സീസണിൽ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ വിലയും കൂടും.
ചിക്കൻ വില കുറഞ്ഞാലും ചിക്കൻ വിഭവങ്ങളുടെ വില കുറക്കാൻ തയ്യാറാവാത്ത ഹോട്ടലുകാർ ചിക്കന് നേരിയ വില വർദ്ധവുണ്ടായാൽ പോലും അവസരം മുതലെടുക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.