നിലമ്പൂർ: സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി തേക്ക് മ്യൂസിയത്തിലെ ശലഭോദ്യാനത്തിൽ ചിത്രശലഭങ്ങൾ വിരുന്നെത്തി. പൂമ്പാറ്റകളുടെ ദേശാടന സമയമായതിനാൽ ശലഭോദ്യാനം കാണാൻ നിരവധി പേരെത്തുന്നുണ്ട്. തേക്ക് മ്യൂസിയത്തിലെ ജൈവ വിഭവ ഉദ്യാനത്തിലാണ് വിശാലമായ ശലഭോദ്യാനം തയ്യാറാക്കിയിട്ടുള്ളത്.
തണുപ്പുകാലം തുടങ്ങുന്നതോടെ ശലഭങ്ങളുടെ ദേശാടനക്കാലവും തുടങ്ങും. വിവിധയിനത്തിൽ പെട്ട നുറുകണക്കിനു ശലഭങ്ങളാണ് ഉദ്യാനത്തിലെത്തുന്നത്. കോമൺ ക്രോ, ബ്ലൂ ടൈഗർ എന്നീ സാധാരണ ഇനങ്ങളാണ് കുടുതൽ. ഗരുഡ ശലഭം പോലുള്ള പൂമ്പാറ്റകൾ മുട്ടയിടുന്നത് കറളകം പോലുള്ള സസ്യത്തിന്റെ ഇലകളിലാണ്.
തേൻ കുടിക്കാനായി കൃഷ്ണ കിരീടം, സീനിയ എന്നീ പുഷ്പങ്ങളെയും ആശ്രയിക്കുന്നു. ഇത്തരം പൂക്കളുള്ള സസ്യങ്ങൾക്ക് പുറമെ ശലഭങ്ങളുടെ ലാർവ്വയ്ക്കുള്ള ആഹാരസസ്യങ്ങളും ഒരുക്കിയിട്ടുണ്ട്. വഴനപ്പൂമ്പാറ്റ, നാട്ടുറോസ്, ചക്കര ശലഭം, നാരകശലഭം, ഗരുഡശലഭം, തെളിനീലക്കടുവ, കരിനീലക്കടുവ എന്നീ ചിത്രശലഭങ്ങളാണ് കൂടുതലായുംഇവിടെയുളളത്.