പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തളി ക്ഷേത്രത്തിലെ ആരാധന സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശതചണ്ഡികായാഗം ആരംഭിച്ചു. കർമ്മംകൊണ്ട് ബ്രാഹ്മണ്യം നേടിയ കർമ്മികളുടെ നേതൃത്വത്തിലാണ് യാഗം. ജാതിഭേദമെന്യേ കർമ്മം വഴി അർഹത നേടിയവർക്കെല്ലാം പൗരോഹിത്യത്തിന് അർഹതയുണ്ടെന്ന് പ്രഖ്യാപിച്ച ക്ഷേത്ര സംരക്ഷണ സമിതിയുടെ ആചാര്യൻ മാധവ്ജിയുടെ ശിഷ്യനായ എൽ.ഗിരീഷ് കുമാറാണ് യാഗത്തിന്റെ ആചാര്യൻ. മന്ത്റോപദേശം നേടിയ 111 സ്ത്രീകളും 18 പുരുഷന്മാരുമാണ് യാഗത്തിൽ നേരിട്ട് പങ്കെടുക്കുന്നത്. യാഗത്തിന്റെ അവസാന ദിവസമായ ഇന്ന് പുലർച്ചെ നാലിന് മഹാഗണപതിഹോമവും ആറു മണിക്ക് ചണ്ഡികാപൂജയും ഏഴിന് നവാക്ഷരിജപവും 7.30ന് മഹാചണ്ഡിക ഹവനവും നടക്കും. 10ന് മഹാപൂർണാഹുതി, തുടർന്ന് കുമാരിപൂജ, വടുകപൂജ. യജമാനന് കലശാഭിഷേകവും ഉണ്ടാകും. ഒരു മണിക്ക് കൊടിയിറങ്ങും.