മലപ്പുറം; കേവല രാഷ്ട്രീയ നേട്ടത്തിന് നാടിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തെ തച്ചുതകർക്കുന്നത് മൗഢ്യമാമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് പ്രതിരോധം നിലവിളികളും നിലപാടുകളും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസൗഹാർദ്ദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്ന ക്ഷേത്രമാണ് ശബരിമല. അയ്യപ്പനും വാവരുമെല്ലാം മാതൃകാ സംസ്കാരത്തിന്റെ ശോഭിക്കുന്ന പ്രതീകങ്ങളാണ്. വോട്ടുബാങ്കുകളിലേക്ക് കണ്ണു നട്ട് ചിലർ ഇതിനെ തകർക്കാൻ ശ്രമിക്കുകയാണ്. ബി.ജെ.പി സാമുദായിക വോട്ടിൽ കണ്ണുവയ്ക്കുമ്പോൾ സി.പി.എമ്മിന്റെ ലക്ഷ്യം ന്യൂനപക്ഷ വോട്ടിലേക്കാണ്. എന്നാൽ ഇതൊന്നും നടക്കാൻ പോകുന്ന സ്വപ്നങ്ങളല്ല. പ്രസിഡന്റ് കെ.എൻ ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ സംഗമം ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. എ. ജയശങ്കർ വിഷയമവതരിപ്പിച്ചു. പി.വി അബ്ദുൽ വഹാബ് എം.പി, പി. ഉബൈദുളള എം.എൽ.എ, ടി.വി ഇബ്രാഹീം എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു.