nn
.

മലപ്പുറം: മന്ത്രി കെ.ടി. ജലീലിന് പിന്നാലെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ എ.പി. അബ്ദുൾ വഹാബിനെതിരെയും നിയമന വിവാദമുയർത്തി മുസ്‌ലിം ലീഗ്. ചെയർമാന്റെ അടുപ്പക്കാരനും പറമ്പിൽപീടിക സ്വദേശിയുമായ എം.കെ. ഷംസുദ്ദീനെ, റാങ്ക്‌ലിസ്റ്റിൽ അട്ടിമറി നടത്തി ഡെപ്യൂട്ടി മാനേജരായി നിയമിച്ചതിന്റെ രേഖകൾ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഇന്നലെ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ലിസ്റ്റിലെ ആറ്, ഏഴ് റാങ്കുകാരെ മാറ്റിനിറുത്തി എട്ടാം റാങ്കുകാരനായ ഷംസുദ്ദീന് നിയമനം നൽകി. 2017 ജനുവരിയിലാണ് അഞ്ച് ഒഴിവുകളിലേക്ക് അഭിമുഖം നടത്തി എട്ട് പേരുള്ള റാങ്ക് ലിസ്റ്റ് പുറത്തിറക്കിയത്. ഇതിൽ ഒന്ന്, മൂന്ന്, അഞ്ച് റാങ്കുകൾ നേടിയത് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി. അദീബിനൊപ്പം ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ച റിജാസ് ഹാരിത്, പി.മോഹനൻ, വി.പി.അനസ് എന്നിവരായിരുന്നു. ഇവരുൾപ്പെടെ ആദ്യ അഞ്ച് സ്ഥാനക്കാരെ ഡെപ്യൂട്ടി മാനേജർമാരായി കോർപ്പറേഷൻ നിയമിച്ചു. 2017 പകുതിയോടെ മോഹനൻ രാജിവച്ച ഒഴിവിലേക്കാണ് നിലവിലെ ആറ്, ഏഴ് റാങ്കുകാരായ സി.എച്ച്. ജംഷാദ്, കെ. ഷൈജു എന്നിവരെ തഴഞ്ഞ് എട്ടാം റാങ്കുകാരനായ ഷംസുദ്ദീനെ കഴിഞ്ഞ ജനുവരിയിൽ നിയമിച്ചതെന്ന് കെ.പി.എ. മജീദ് പറഞ്ഞു.