ponnani-cargo-port
കാർഗോ പോർട് നിർമ്മാണത്തിനായുള്ള പൊന്നാനി കടപ്പുറം

പൊന്നാനി: പൂർണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെ പൊന്നാനിയിൽ നിർമ്മിക്കുന്ന വാണിജ്യ തുറമുഖത്തിന്റെ കരാറുകാർക്കെതിരെ നടപടിക്ക് സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പത്ത് ശതമാനം പോലും പിന്നിടാത്ത സാഹചര്യത്തിലാണ് നിർമ്മാണ നടത്തിപ്പ് ചുമതലക്കാരായ ചെന്നൈ മലബാർ പോർട്‌സുമായുള്ള കരാർ അവസാനിപ്പിക്കാൻ സർക്കാർ നടപടികൾ ആരംഭിക്കുന്നത്. 2015 ആഗസ്ത് 8 ന് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച വാണിജ്യ തുറമുഖത്തിന്റെ നിർമ്മാണ പ്രവൃത്തികൾ മൂന്ന് മാസത്തിൽ താഴെ മാത്രമാണ് നടന്നത്.

സ്വിസ് ചാലഞ്ച് രീതി പ്രകാരമാണ് തുറമുഖത്തിന്റെ നിർമ്മാണവും നടത്തിപ്പും നിശ്ചയിച്ചിരുന്നത്.ഇതുപ്രകാരം ഇവ രണ്ടും കരാറുകാരായ ചെന്നൈ മലബാർ പോർട്‌സിനാണ്. നിർമ്മാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കിനെതിരെ സർക്കാർ പലവട്ടം ഇടപെടുകയും മുഖ്യമന്ത്രി നേരിട്ട് യോഗം വിളിക്കുകയും ചെയ്തിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ കരാർ അവസാനിപ്പിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു.

വ്യത്യസ്ത കാരണങ്ങളാണ് നിർമ്മാണ മെല്ലെപ്പോക്കിനായി കരാറുകാർ ഉന്നയിച്ചിരുന്നത്.പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടപ്പാക്കാനാകുമെന്നും കരാറുകാർ സർക്കാറിനെ തുടരെ അറിയിച്ചിരുന്നു. ഇക്കാര്യം വിശ്വസിച്ചാണ് മറ്റു വഴികൾ നോക്കാതെ സർക്കാർ നിലകൊണ്ടത്. എന്നാൽ നിർമ്മാണ കാര്യത്തിലെ അലംഭാവം തുടരുന്ന സാഹചര്യത്തിൽ പദ്ധതി പൂർത്തിയാക്കാൻ ഇവർക്കാകില്ലെന്ന നിലപാടിലേക്ക് സർക്കാർ എത്തിയിരിക്കുന്നത്. പദ്ധതിയുടെ മെല്ലെപ്പോക്കിൽ പൊന്നാനി എം.എൽ.എയും നിയമസഭ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലവിലെ കരാറുകാരുടെ കരാർ അവസാനിപ്പിക്കാൻ നടപടിയുണ്ടാകണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

2019 ആഗ്‌സ്റ്റോടെ നിർമ്മാണം പൂർത്തിയാക്കി തുറമുഖം കമ്മീഷൻ ചെയ്യണമെന്നാണ് കരാർ. നിലവിലെ സാഹചര്യത്തിൽ ഇത് നടക്കില്ല.കരാർ റദ്ദാക്കിയ ശേഷം പദ്ധതിയുടെ കാര്യത്തിൽ വീണ്ടും സാധ്യത പഠനം നടത്തുകയും പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് സർക്കാർ സഹായത്തോടെ പദ്ധതി നടപ്പാക്കണമെന്ന നിർദ്ദേശമാണ് സ്പീക്കർ മുന്നോട്ടുവെക്കുന്നത്. പോർട് ഡയറക്ടറുടെ നേതൃത്വത്തിൽ പദ്ധതിയുടെ സാധ്യതയും തുടർ പ്രവർത്തന പരിപാടികളും സാധ്യമാക്കണമെന്നും സ്പീക്കർ പറഞ്ഞു. ഇക്കാര്യങ്ങൾ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.

രണ്ട് ഘട്ടങ്ങളിലായി ആയിരത്തി അഞ്ഞൂറ് കോടി രൂപയോളം ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. 1,500 മീറ്റർ വിസ്തീർണ്ണമുള്ള അപ്രോച്ച് ബണ്ടിന്റെ നിർമ്മാണമാണ് ആരംഭിച്ചത്. മൂന്ന് വർഷത്തിനിടെ ബണ്ടിന്റെ നൂറ് മീറ്റർ ഭാഗം മാത്രമാണ് പൂർത്തിയാക്കാനായത്.

നിലവിലെ കരാറുകാരെ ഒഴിവാക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ തുടർച്ച സംബന്ധിച്ച് പഠനം നടത്തും. പദ്ധതിക്ക് പൊന്നാനിയിൽ സാധ്യതകളില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. പൂർണമായും സ്വകാര്യ പങ്കാളിത്തത്തോടെ ആയതിനാൽ സർക്കാറിന് ഇക്കാര്യത്തിൽ യാതൊരു സാമ്പത്തിക ബാധ്യതയും ഇതുവരെയില്ല.