fathima

കൊണ്ടോട്ടി : സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോട്ടുകര പി.പി.ടി.എം ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ചിറയിൽ കൈതക്കോട് പുല്ലിത്തൊടി ആലിക്കുട്ടിയുടെയും പി.വി. ഫാരിഷയുടെയും മകൾ ഫാത്തിമ ഫർസാനയാണ് (15) മരിച്ചത്. സഹപാഠികളായ മുക്കൂട് പാലക്കോട് പി.കെ. മുഹമ്മദ് ഷഫീഖിന്റെ മകൾ ഷഹ്‌ന ജുബിൻ (15), മുക്കൂട് പുളിക്കൽ അലവിയുടെ മകൾ റിൻഷിന (15) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷഹ്‌ന ജുബിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. റിൻഷിന കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ്.

കരിപ്പൂർ വിമാനത്താവളത്തിനായി നെടിയിരുപ്പ് പാലക്കാപ്പറമ്പ് ഭാഗത്ത് ഏറ്റെടുത്ത ഒഴിഞ്ഞ പറമ്പിൽ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഇടിമിന്നലിൽ മൂന്നുപേരും നിലത്തുവീണു. നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ ഇവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ ഫർസാന മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് കബറടക്കും. ഫെബിന, മുഹമ്മദ് റബീഹ്, ബഹ്ജത്ത് എന്നിവരാണ് ഫാത്തിമ ഫർസാനയുടെ സഹോദരങ്ങൾ.