മലപ്പുറം: ജില്ലാ സ്കൂൾ കലോൽസവം 26 മുതൽ 28 വരെ മലപ്പുറത്ത് നടക്കും. പ്രളയദുരന്തം നേരിട്ടതിനാൽ ഇത്തവണ ആർഭാടങ്ങൾ ഒഴിവാക്കിയാണ് കലോത്സസവം നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 17 സബ് ജില്ലകളിൽ നിന്നായി 235 ഇനങ്ങളിൽ 7,250 കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. 51 ഇന രചനാ മത്സരങ്ങൾ നടന്നുകഴിഞ്ഞു. 30 വേദികളിലായിട്ടാണ് മൽസരം. 19 ലക്ഷം രൂപയാണ് കലോൽസവത്തിന്റെ ബജറ്റ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉദ്ഘാടന സമാപന സെഷനുകളും ഘോഷയാത്രയും ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷണത്തിൽ വിഭവങ്ങൾ കുറച്ചു. ഭക്ഷണം ഉച്ചയ്ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രധാന നൃത്തയിനങ്ങൾ നടത്താനായി ഒരു പന്തൽ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. മറ്റ് ഇനങ്ങളെല്ലാം സ്ഥിരം സ്റ്റേജുകളിൽ നടത്തും. രണ്ട് ആംബുലൻസുകളുടെ സേവനം കലോൽസവ വേദിയിൽ ലഭ്യമായിരിക്കും. പ്രളയക്കെടുതി മൂലം ജില്ലാ കലോൽസവങ്ങൾ രണ്ട് ദിവസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. ഓരോ ഇനത്തിലും 17 എൻട്രികൾ എത്തുന്നതിനാൽ മൂന്ന് ദിവസം ഇല്ലാതെ മൽസരങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല. സ്‌കൂളുകൾ വേദികളായിട്ടുള്ള ഇടങ്ങളിൽ തിങ്കളാഴ്ച മാത്രമേ മൽസരം തുടങ്ങുകയുള്ളൂ. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി പേപ്പർ കപ്പുകൾ ഒഴിവാക്കി സ്റ്റീൽ ഗ്ലാസ് ഉപയോഗിക്കും. വാർത്താസമ്മേളനത്തിൽ പി കൃഷ്ണൻ, പി മുരളീധരൻപിള്ള, എം ജയരാജ്, ആർ കെ ബിനു, പി ടി പ്രദീപ്, കെ ത്രിവിക്രമൻ പങ്കെടുത്തു.