speaker
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

പൊന്നാനി: സംസ്ഥാനത്തെ ആദ്യത്തെ സസ്‌പെൻഷൻ ബ്രിഡ്ജ് പൊന്നാനി അഴിമുഖത്ത് വരുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എപ്പോൾ വരുമെന്ന കാര്യത്തിൽ കൃത്യമായ സമയം നിശ്ചയിച്ച് പറയാനാകില്ല. അൽപ്പം സാവകാശം വേണ്ടിവരുന്ന പദ്ധതിയാണ്. സസ്‌പെൻഷൻ ബ്രിഡ്ജിന്റെ കാര്യത്തിൽ സർക്കാർ പ്രഥമിക കാര്യങ്ങൾ പൂർത്തിയാക്കിയെന്ന് സ്പീക്കർ പറഞ്ഞു. പദ്ധതിക്ക് ഇ.പി.സി ടെണ്ടർ നൽകാൻ കിഫ്ബി തീരുമാനിച്ചിട്ടുണ്ട്. തീരദേശപാതയുടെ ഭാഗമായാണ് അഴിമുഖത്ത് സസ്‌പെൻഷൻ ബ്രിഡ്ജ് നിർമ്മിക്കുക. അഴിമുഖത്തിന്റെ ഇരുഭാഗത്തേക്കുമുള്ള മേൽപ്പാലത്തിനായുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണ കാര്യത്തിൽ ധാരണയായിട്ടുണ്ട്. സസ്‌പെൻഷൻ ബ്രിഡ്ജിനായി വിദേശ എജൻസികളിൽ സാങ്കേതിക സഹായം തേടും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 400 കോടി രൂപയുടെ പദ്ധതികൾ പൊന്നാനിക്കുവേണ്ടി അനുവദിച്ചു. ഇവയിൽ നിർമ്മാണം പൂർത്തിയായവ അടുത്ത മാസം നാടിന് സമർപ്പിക്കും. ജില്ലയിലെ ഏക മാതൃ ശിശു ആശുപത്രി ഡിസംബർ 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.75 കോടി രൂപ ചിലവിലുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഡിസംബറിൽ നടക്കും.മണ്ഡലത്തിലെ 85 ശതമാനം റോഡുകളും ഈ വർഷത്തോടെ റബ്ബറൈസ് ചെയ്യും.റോഡുകൾ സമ്പൂർണ്ണായും റബ്ബറൈസ് ചെയ്ത മണ്ഡലമായി പൊന്നാനി മാറുമെന്നും സ്പീക്കർ പറഞ്ഞു. പൊതു വിദ്യഭ്യാസ ശാക്തീകരണ രംഗത്ത് 27 കോടി രൂപ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചിലവഴിച്ചു.സംസ്ഥാനത്തിന് മാതൃകയാവുന്ന തരത്തിൽ ബട്ടർഫ്‌ളൈസ് പദ്ധതിക്ക് വിദ്യഭ്യാസ രംഗത്ത് തുടക്കം കുറിച്ചു. മണ്ഡലത്തിലെ 12 സ്‌ക്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. 42 പാടശേഖര സമിതികൾക്ക് സ്വന്തായി അരി മില്ലുകൾ അനുവദിച്ചു ഫിഷിംഗ് ഹാർബർ ഉപയോഗയോഗ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ പുതിയ വാർഫിന്റെ നിർമ്മാണം ആരംഭിച്ചു. ഹാർബർ വകുപ്പിന് കീഴിൽ 7 കോടി രൂപയുടെ റോഡുകളാണ് അനുവദിച്ചതെന്ന് സ്പീക്കർ പറഞ്ഞു. ആളം, ഒളമ്പക്കടവ് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം ഡിസംബർ 9 ന് നടക്കും. കർമ്മ റോഡിന്റെ സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളുടേയും നിള ഹെറിറ്റേജ് മ്യൂസിയത്തിലെ ക്യൂറേഷൻ പ്രവൃത്തികളുടേയും ഉദ്ഘാടനം അടുത്ത മാസം നടക്കും. മുസ്രിസ് പൈതൃക പദ്ധതിയുടെ മാതൃകയിൽ പൊന്നാനി അങ്ങാടിയെ നിലനിറുത്തുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കും. ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നിന് മുസ്രിസ് ഡയറക്ടർ ഡിസംബർ ഒന്നിന് പൊന്നാനി സന്ദർശിക്കുമെന്നും അദ്ദേഹം.