മലപ്പുറം: ജില്ലയിലെ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ഭവന പുനർ നിർമാണത്തിനായി രണ്ടു പദ്ധതികളിലായി 459 വീടുകളൊരുങ്ങുന്നു. സർക്കാർ നേരിട്ടു നടത്തുന്ന പദ്ധതിയിൽ 369 പേർക്കും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽപ്പെടുത്തി 90 പേർക്കുമാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. സർക്കാർ നേരിട്ടു നടത്തുന്ന പദ്ധതി പ്രകാരം നാല് ലക്ഷം രൂപയാണ് ഓരോരുത്തർക്കും അനുവദിക്കുക. പദ്ധതിയിലുൾപ്പെട്ട 369 ലെ 97 പേർക്ക് ആദ്യ ഗഡുവായി 95,100 രൂപയാണ് നൽകുന്നത്. ഈ തുക അടുത്ത ദിവസങ്ങളിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി കൈമാറും. നിലമ്പൂർ താലൂക്കിൽ 17 കുടുംബങ്ങളെയും ഏറനാട് താലൂക്കിൽ 23 ഉം പെരിന്തൽമണ്ണ താലൂക്കിൽ 20 ഉം തിരൂരിൽ 10 കുടുംബങ്ങൾക്കുമാണ് ആദ്യഘട്ട തുക കൈമാറുന്നത്. തിരൂരങ്ങാടിയിൽ 20 ഉം കൊണ്ടോട്ടിയിൽ ഏഴും പൊന്നാനിയിൽ 24 ഉം കുടംബങ്ങൾക്കും ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും. അതോടൊപ്പം പ്രളയ ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ജില്ലയിൽ തുടക്കമായി. ജില്ലയിൽ 90 കുടുംബങ്ങൾക്കാണ് പദ്ധതി പ്രകാരം വീട് നിർമ്മിച്ചു നൽകുന്നത്. നിലമ്പൂർ താലൂക്കിൽ 23 ഉം തിരൂരിൽ 18 ഉം പൊന്നാനിയിൽ 17 ഉം തിരൂരങ്ങാടിയിൽ 10 ഉം കുടംബങ്ങൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പെരിന്തൽമണ്ണയിലും ഏറനാട്ടും ഒമ്പത് വീതവും കൊണ്ടോട്ടി നാലും കുടംബങ്ങളാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പദ്ധതിയുടെ ഗുണഭോക്താക്കളുടെയും നിർവ്വഹണ ചുമതലയുള്ള സഹകരണ സംഘം പ്രതിനിധികളുടെയും യോഗം 27ന് ഉച്ചക്ക് രണ്ടിന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. ഡിസംബർ ആദ്യവാരത്തിൽ ജില്ലാ തല നിർമ്മാണോൽഘടനം നടക്കും. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുംവീടുകൾ നിർമ്മിച്ചു നൽകുന്ന സ്ഥലത്തെ പ്രാഥമിക സംഘങ്ങൾ അല്ലെങ്കിൽ ശക്തമായ മറ്റ് സഹകരണസംഘങ്ങൾ എന്നിവക്കാണ് നിർമ്മാണച്ചുമതല. അതാത് പ്രദേശത്തെ സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താൽപര്യവും സാമ്പത്തിക സ്ഥിതിയും എന്നിവയ്ക്ക് അനുസരിച്ചാണ് വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകൽപന. അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ളം, വൈദ്യുതി, മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങൾ, വൃത്തിയുള്ള പരിസരം എന്നിവ ഉറപ്പാക്കിയാണ് വീടുകളുടെ നിർമ്മാണം.