gaja
ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിലെ ദുരിതബാധിതർക്കുള്ള വിഭവ സമാഹരണത്തിലേക്ക് ചേലമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റിയൂട്ട് നൽകുന്ന വിഭവങ്ങൾ ജില്ലാ കലക്ടർ അമിത് മീണക്ക് കൈമാറുന്നു.

മലപ്പുറം: മഹാപ്രളയത്തിൽ കൈത്താങ്ങായ അയൽ സംസ്ഥാനമായ തമിഴ്‌നാട് 'ഗജ' ചുഴലിക്കാറ്റിൽ ആടിയുലഞ്ഞപ്പോൾ ആ നാശ നഷ്ടങ്ങൾ കണ്ട് നമുക്ക് വെറുതെ ഇരിക്കാനാവില്ലെന്നതിന് തെളിവാണ് ജില്ലയിലെ വിഭവ സമാഹരണ യജ്ഞത്തിലെ പങ്കാളിത്തം. ആപത്തിൽ കൂടെ നിന്നവർക്കൊപ്പം നിന്ന് മാത്രം പരിചയിച്ച ജില്ലക്കാർക്കിടയിൽ അവശ്യസാധനങ്ങൾ സമാഹരിക്കുകയെന്ന ദൗത്യവുമായി ജില്ലാ ദുരന്തനിവാരണ വിഭാഗം നേതൃത്വമേറ്റെടുത്തതോടെ സഹായങ്ങളുമായി പൊതുജനങ്ങളും സംഘടനകളും രംഗത്തിറങ്ങുകയായിരുന്നു. ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിലെ തിരുവാരുർ, നാഗപട്ടണം ജില്ലകളിലേക്കാണ് പ്രധാനമായും ശേഖരിച്ച സാധനങ്ങൾ എത്തിക്കുന്നത്.
ബെഡ്ഷീറ്റ്, പായ, സാരി, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ, ടവൽ, സാനിറ്ററി നാപ്കിൻ, ടോർച്ച്, ബാറ്ററി, ചപ്പൽ, കൊതുക് തിരി, മെഴുക് തിരി, സോപ്പ് എന്നിവയാണ് ശേഖരിക്കുന്നത്. പുതിയ വസ്ത്രങ്ങൾ മാത്രമേ സ്വീകരിക്കൂ. സാധനങ്ങൾ നൽകാനുദ്ദേശിക്കുന്നവർ ഇന്ന് വൈകീട്ട് അഞ്ച് വരെ കലക്ടറേറ്റിൽ എത്തിക്കാവുന്നതാണ്.
കലക്ടറേറ്റിൽ ശേഖരിച്ച സാധനങ്ങൾ വേർതിരിച്ച് ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിക്കും. ഗജ ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ജില്ലയിലുള്ളവർ മുന്നോട്ട് വരണമെന്ന് ജില്ലാ കലക്ടർ അമിത് മീണ ആവശ്യപ്പെട്ടു. ഫോൺ.0483 2736320,2736326