മലപ്പുറം: ജില്ലയിൽ നിലവിലുള്ള എൽ.പി.എസ്.എ, യു.പി.എസ്.എ ഒഴിവുകളിൽ ഉടൻ നിയമനം നടത്തുന്നതിന് മുഴുവൻ നടപടികളും സ്വീകരിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. പി.എസ്.സി.നിയമനം സംബന്ധിച്ച് കാര്യങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. എൽ.പി.എസ്.എ യിൽ 938 യു.പി.എസ്.എയിൽ 268 ഒഴിവുകളുമാണുള്ളത്. ഇതിൽ എൽ.പി.എസ്.എയിൽ 915 യു.പി.എസ്.എയിൽ 254 ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൽ.പി.വിഭാഗത്തിൽ മരിച്ചവരുടെ ആശ്രിതർക്കായി അഞ്ച് എണ്ണവും ജില്ലാതല സ്ഥലമാറ്റത്തിനായി 18 എണ്ണവും മാറ്റിവച്ചിട്ടുണ്ട് .ബാക്കി ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തത്. യു.പി.വിഭാഗത്തിൽ 14 എണ്ണം അന്തർ ജില്ലാ സ്ഥലമാറ്റത്തിനായും മാറ്റിവച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
പൊന്മള കുടിവെള്ള പദ്ധതിയുടെ എല്ലാ പണികളും പൂർത്തീകരിച്ചതായും മാർച്ച് മാസം പകുതിയോടുകൂടി പ്രവൃത്തി ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നും കോട്ടക്കൽപറപ്പൂർ കൂടിവെള്ള പദ്ധതി അടുത്ത മാസത്തോടു കൂടി പൂർത്തിയാകുമെന്ന് വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. മഞ്ചേരി പോളി ടെക്‌നിക് കോളജിന് അനുവദിച്ച ബസ്സിന് ഭരണാനുമതി നൽകിയതായും ഉമ്മർ എ.എൽ.എയുടെ ഫണ്ടിൽ സ്‌കൂളിലേക്ക് നിർദേശിച്ച മൂന്ന് കമ്പ്യൂട്ടറുകൾ ഉടൻ നൽകുമെന്നും ഫിനാൻസ് ഓഫീസർ അറിയിച്ചു. മഞ്ചേരിയിൽ ഫയർ സ്റ്റേഷൻ നിർമ്മിക്കാൻ നറുകരയിൽ 50 സെന്റ് സ്ഥലം ലഭിച്ചിട്ടിട്ടുണ്ടെന്ന് ഫയർ റസ്‌ക്യൂ സർവീസസ് ജില്ലാ മേധാവി അറിയിച്ചു. പ്രളയത്തിൽ നശിച്ച കോഴി,ആട്,പശു തുടങ്ങിയ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ബന്ധപ്പെട്ട പഞ്ചായത്ത് വഴി ഉടൻ ലഭ്യമാക്കും. നിലവിൽ 9.90 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കൂടാതെ ആടുകളും ആലകളും നഷ്ടപ്പെട്ടവർക്ക് ആനൂകൂല്യങ്ങൾ നൽകി വരുന്നതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ജില്ലയിലെ 15 നിയോജകമണ്ഡലങ്ങളിലും കേരഗ്രാമം പദ്ധതി നടപ്പിലാക്കി വരുന്നു. കേരഗ്രാമത്തിന് 50.17 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുന്നുണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ജില്ലയിൽ കോളജ്,സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപിക്കുന്നത് തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ മാസവും ആർ.ഡി.ഒ തലത്തിൽ യോഗം വിളിച്ചു ചേർക്കാൻ കലക്ടർ അമിത് മീണ യോഗത്തിൽ നിർദേശിച്ചു. നിലവിൽ ജില്ലയിൽ സ്‌കൂൾ കോളേജുകളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനുവേണ്ടി റെയിഡുകൾ നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ നിന്ന് രഹസ്യമായി പരാതികൾ സ്വീകരിക്കുന്നതിനു വേണ്ടി 126 പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. പരാതിപ്പെട്ടിയിലെ പരാതികൾ പരിഹരിച്ചുവരുന്നതായും കുട്ടികളിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നൽകി വരുന്നതായും എക്‌സൈസ് ഓഫീസർ അറിയിച്ചു. ജില്ലാ കലക്ടർ അമിത് മീണയുടെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വികസന സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, നഗരസഭ ചെയർപേഴ്‌സൺമാരായ വി.എം.സുബൈദ, സി.കെ ഷീബ, സി.കെ സുബൈദ, എ.ഡി.എം വി.രാമചന്ദ്രൻ, ജില്ലാ പ്ലാനിങ് ഓഫീസർ വി.ജഗൽകുമാർ, എ.എം.എൽമാരുടെ പ്രതിനിധികളായ സലീം കുരുവംമ്പലം, അഡ്വ.പി.അബുസിദ്ദീഖ്, ടി. ജമാലുദ്ദീൻ, ജില്ലാ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എ.കെ നാസർ വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.