മലപ്പുറം: ജില്ലയിലെ ഭിന്നശേഷിക്കാർ ദുരന്തങ്ങളെ നേരിടാൻ പ്രത്യേക പരിശീലനം നേടി. ജില്ല ദുരന്തനിവാരണ വകുപ്പും സാമൂഹികനീതി വകുപ്പും സംയുക്തമായാണ് പരിശീലനം നൽകിയത്. നാല് ദിവസങ്ങളിലായി നടന്ന പരിശീലനത്തിന് മഹാത്മഗാന്ധി യൂനിവേഴ്സിറ്റിയുടെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഡിസബലിറ്റി പഠനവിഭാഗം നേതൃത്വം നൽകി. കാഴ്ചപരിമിതിയുള്ളവർ, കേൾവിശക്തി കുറഞ്ഞവർ, ചലന പരിമിതിയുള്ളവർ, ഭൗതികമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ രക്ഷിതാക്കൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ച് പ്രത്യേകമായാണ് പരിശീലനം നൽകിയത്. ഓരോ ദിവസവും മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരിശീലനം. പ്രകൃതി ദുരന്തത്തിന്റെ പ്രാഥമിക പഠനങ്ങൾ, ദുരന്തനിവാരണ മാർഗങ്ങൾ, അത്യാഹിത ഘട്ടങ്ങളിലെ പ്രഥമശ്രൂശുഷ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച് നൽകി. സംസ്ഥാന തലത്തിൽ ഒമ്പതാമത്തെ പരിശീലനമായിരുന്നു ജില്ലയിൽ നടന്നത്.
പരിശീലന പരിപാടിയുടെ സമാപനം എ.ഡി.എം വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയുടെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഡിസബലിറ്റി പഠനവിഭാഗം ഡയറക്ടർ ഡോ.പി.ടി ബാബുരാജ്, കെ കൃഷ്ണമൂർത്തി എന്നിവർ പങ്കെടുത്തു.