തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിൽ മൂന്ന് കുടിവെള്ള പദ്ധതികളും നടപ്പാക്കുന്നതിന് അനുകൂല സാഹചര്യമൊരുങ്ങുന്നു. വള്ളുവമ്പ്രത്ത് കിണർ പ്രവൃത്തി പൂർത്തീകരിക്കാനും കുണ്ടൂർ കുടുക്കേങ്ങലിൽ പുതിയ കിണർ കുഴിക്കാനും തീരുമാനമായി.
കുടുക്കേങ്ങലിൽ മുമ്പ് കുഴിച്ച കിണറിൽ ജല ലഭ്യതയില്ലാത്തതിനാൽ നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന് സമീപം കുണ്ടൂരിൽ ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ പുതിയ കിണർ കുഴിയ്ക്കാനും പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് വള്ളുവമ്പ്രത്ത് കിണർ നിർമാണം പൂർത്തീകരിക്കാനുമാണ് തീരുമാനമായത്. ഭൂഗർഭ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ കുടുക്കേങ്ങലിലെ കിണറിൽ ജലലഭ്യത കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതിയ്ക്കായി പുതിയ കിണർ കുഴിക്കേണ്ട അവസ്ഥയുണ്ടായത്.
അതേസമയം വെള്ളിയാമ്പുറം കുടിവെള്ള പദ്ധതിയുടെ ഭരണാനുമതി കാലാവധി കഴിഞ്ഞതിനാൽ സർക്കാർ പുതുക്കി നൽകുകയായിരുന്നു. അങ്ങനെയാണ് പ്രവൃത്തി നടത്തിയത്. അൽഅമീൻ നഗർ കുടിവെള്ള പദ്ധതിക്കായി ഉചിതമായ ജലസ്രോതസ് പരിഗണിക്കാനും ആ മേഖലയിലെ ജനങ്ങൾക്ക് പദ്ധതിയിൽ പ്രഥമ പരിഗണന നൽകാനും തീരുമാനമായി. വെള്ളിയാമ്പുറത്ത് 48 ലക്ഷം, അൽഅമീൻ നഗറിൽ 40 ലക്ഷം, കുണ്ടൂർ കുടുക്കേങ്ങലിൽ 50 ലക്ഷം എന്നിങ്ങനെയാണ് പദ്ധതിക്കായി തുക വകയിരുത്തിയിരിക്കുന്നത്. മൂന്നിടങ്ങളിലും അറുപതിലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതിയെന്ന് പി.കെ അബ്ദുറബ് എം.എൽ.എ പറഞ്ഞു.