speaker
ബട്ടർഫ്‌ളൈസ് @ പൊന്നാനി പദ്ധതിയുടെ സ്‌ക്കൂൾ തല ഉദ്ഘാടനം പുതുപൊന്നാനി എം ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പൊന്നാനി: പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനായി ബട്ടർഫ്‌ളൈസുമായി പൊന്നാനി.നിയമസഭ സ്പീക്കർ കൂടിയായ പൊന്നാനി എം.എൽ.എ പി ശ്രീരാമകൃഷ്ണന്റെ പ്രത്യേക താൽപര്യപ്രകാരം മണ്ഡലത്തിലെ 12 സർക്കാർ, എയിഡഡ് സ്‌ക്കൂളുകളിൽ നടപ്പാക്കുന്ന ബട്ടർഫ്‌ളൈസ് @ പൊന്നാനി എന്ന വിദ്യഭ്യാസ നവീകരണ പദ്ധതിക്ക് തുടക്കമായി.

പ്രാഥമിക വിദ്യഭ്യാസ മേഖലയിൽ വിജയകരമായി നടപ്പാക്കിയ സർഗ വിദ്യാലയം പദ്ധതിയുടെ തുടർച്ചയെന്നോണമാണ് ബട്ടർഫ്‌ളൈസ് നടപ്പാക്കുന്നത്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയാണ് പദ്ധതി നടപ്പാക്കുക. വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രത്തിലെ അക്കാദമിക് മികവ് എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ സിലബസിനോ, പഠന രീതിക്കോ ബദലാകാതെ സമാന്തര പഠന രീതിയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ പശ്ചാത്തല വികസനത്തിനൊപ്പം അക്കാദമിക വികസനമെന്നത് പദ്ധതിയിലൂടെ സാധ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

ആറ് മൊഡ്യൂളുകളായാണ് പദ്ധതി നടപ്പാക്കുക. ആശയ വിനിമയത്തിനുള്ള കഴിവ്, വിമർശനാത്മക ചിന്തയും യുക്തിചിന്തയും വികസിപ്പിക്കൽ, ശാസ്ത്രത്തിന്റെ ബൃഹത് ആശയങ്ങൾ, അദ്ധ്യാപക പങ്കാളിത്ത പരിപാടികൾ, രക്ഷാകർതൃ വികാസം എന്നിവയാണ് മൊഡ്യൂളുകൾ. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.നാലര കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനും ഏകോപനത്തിനുമായി എല്ലാ സ്‌ക്കൂളുകളിലും സയൻസ് റിസോഴ്‌സ് സെന്ററുകൾ രൂപീകരിക്കും. റിസോഴ്‌സ് സെന്ററുകൾ മുഖേനയാണ് പദ്ധതിയുടെ മുഴുവൻ നിർദ്ദേശങ്ങളും ലഭ്യമാക്കും. അധ്യാപകർക്കുള്ള പഠന സഹായികൾ ഓൺലൈൻ വഴി ലഭ്യമാക്കും. വിദ്യാർത്ഥികൾക്കുള്ള ശിൽപ്പശാല, സെമിനാറുകൾ എന്നിവ റിസർച്ച് സെന്റർ സംഘടിപ്പിക്കും. കമ്പ്യൂട്ടർ, പ്രൊജക്ടർ, ശാസ്ത്രപ്രമേയമുള്ള ഡിസൈനുകൾ, ശാസ്ത്ര ഗ്രന്ഥങ്ങൾ, വിർച്ച്വൽ റിയാലിറ്റി, റോബോട്ടിക്‌സ് ത്രി ഡി എന്നിവ അടങ്ങുന്നതാണ് സയൻസ് റിസോഴ്‌സ് സെന്റർ.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഹ്യുമൺ ലൈബ്രറി നടപ്പാക്കും. വിവിധ മേഖലകളിലുള്ള പ്രമുഖരുമായി സംവദിക്കുവാനുള്ള സാഹചര്യം വിദ്യാർത്ഥികൾക്കുണ്ടാക്കും. വിദ്യാർത്ഥികൾക്ക് സ്വന്തമായി പ്രൊജക്ട് തയ്യാറാക്കുന്നതിനുള്ള സാഹചര്യവും സഹായവും ലഭ്യമാക്കുകയും, എല്ലാ മാസവും സയൻസ് ജേർണലുകൾ പുറത്തിറക്കുകയും ചെയ്യും.

മണ്ഡലത്തിലെ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾമാർ, ഹൈസ്‌ക്കൂൾ പ്രധാന അധ്യാപകർ, വിദ്യഭ്യാസ പ്രവർത്തകർ എന്നിവരടങ്ങുന്ന സമിതിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. തൃക്കാവ് ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂൾ, എ വി ഹയർ സെക്കണ്ടറി സ്‌ക്കൂൾ, പുതുപൊന്നാനി എം ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ എന്നിവിടങ്ങിൽ പദ്ധതിക്ക് തുടക്കമായി.നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.