kalolsavam
കലോത്സവം

മലപ്പുറം: ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാവും. പത്ത് വേദികളിലായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 7,250 കുട്ടികൾ പങ്കെടുക്കും. പ്രളയത്തെ തുടർന്ന് ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെയാണ് ഇത്തവണത്തെ കലോത്സവം നടത്തുന്നത്. ഉദ്ഘാടന ചടങ്ങ്, സമാപന ചടങ്ങ്, വിളംബര ഘോഷയാത്ര എന്നിവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി സ്റ്റേജ് നിർമാണമടക്കം ഒഴിവാക്കിയിട്ടുണ്ട്. കലോത്സവം 28ന് സമാപിക്കും. മലപ്പുറം ഗവ.ഗേൾസ് എച്ച്എസ്എസ്, മലപ്പുറം ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, എം.എസ്.പി.എച്ച്.എസ്, സെന്റ്. ജമ്മാസ് എച്ച്.എസ്, മേൽമുറി എം.എം.ഇ.ടി. എച്ച്.എസ്.എസ്., മലപ്പുറം എ.യു.പി.എസ്, നഗരസഭാ ടൗൺഹാൾ, ബസ് സ്റ്റാൻഡ് ഓഡിറ്റോറിയം, ഡി.ടി.പി.സി. ഹാൾ, എം.എസ്.പി. കമ്യൂണിറ്റി ഹാൾ, പെൻഷൻഭവൻ തുടങ്ങിയ വേദികളിലാണ് മത്സരം നടത്തുന്നത്. സ്‌കൂളുകളിൽ ഒഴികെയുള്ള വേദികളിൽ രാവിലെ മത്സരം തുടങ്ങും. സ്‌കൂളുകളിലുള്ള വേദികളിൽ വൈകീട്ട് നാലിന് ശേഷമായിരിക്കും ആരംഭിക്കുക. അധ്യായന വർഷം നഷ്ടമാവാതിരിക്കാനാണ് ഇത്തരം ക്രമീകരണം വരുത്തുന്നത്. നവംബർ 27,28 ദിവസങ്ങൾക്ക് പകരമായി മറ്റു ദിവസങ്ങളിൽ ക്ലാസ് നടത്താനും ഈ വർഷം തീരുമാനിച്ചിട്ടുണ്ട്.