മലപ്പുറം: ദുരന്ത നിവാരണ മേഖലയിൽ പ്രത്യേക വാളന്റിയർമാരെ തയ്യാറാക്കാനും പരിശീലനം നൽകാനും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ 2019-2020 പദ്ധതി രേഖ. ജില്ലയുടെ കായിക വികസനം, അടിസ്ഥാന സൗകര്യം, പട്ടികജാതി വർഗങ്ങളുടെ വികസനം, കുടിവെള്ള മേഖല, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം എന്നിവയ്ക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാനും ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സ്കൂളുകളിൽ സ്ത്രീ സൗഹൃദ ശുചിമുറികൾ, ജില്ലാ ആസ്ഥാനത്ത് വനിത ഹോസ്റ്റൽ, കുടുംബശ്രീ ന്യൂട്രോമിക്സ് യൂണിറ്റുകൾക്ക് യന്ത്രങ്ങൾ വാങ്ങി നൽകൽ, വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് പ്രത്യേക വിപണി കണ്ടെത്തൽ തുടങ്ങി സ്ത്രീ സൗഹൃദമായ നിരവധി പദ്ധതികളും ആവിഷ്കരിക്കും. ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം, ചലന ശേഷി നഷ്ടപ്പെട്ടവർക്ക് മുച്ചക്ര സ്കൂട്ടർ വിതരണം, തീരപ്രദേശങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പ്രത്യേക പദ്ധതി, വൃക്ക മാറ്റിവച്ച രോഗികൾക്ക് മരുന്ന് തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. തീരപ്രദേശങ്ങളുടെ വികസനവും ക്ഷേമവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളും ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മത്സര പരീക്ഷകൾക്കായി പരിശീലനം, ഉപ്പുവെള്ളം കയറുന്ന മേഖലയിൽ കല്ലുമ്മക്കായ കൃഷി തുടങ്ങി നിലവിലെ ഫിഷ് ലാൻഡിംഗ് കേന്ദ്രങ്ങളുടെ അറ്റക്കുറ്റപ്പണിക്കൊപ്പം പുതിയവ നിർമ്മിക്കുന്നതിനും കരട് രേഖയിൽ നിർദ്ദേശമുണ്ട്. വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെയും ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും വിദഗ്ദ്ധരുടെയും നിർദ്ദേശങ്ങൾക്കൊപ്പം പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കരട് പദ്ധതി രേഖ തയ്യാറാക്കിയത്. പദ്ധതിരേഖ സംബന്ധിച്ച് വികസന സെമിനാറിൽ ഉയർന്ന ചർച്ചയുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാവും അന്തിമ പദ്ധതികൾ തയ്യാറാക്കുക.