മലപ്പുറം: കടലോരമേഖലയിൽ 119 വീടുകൾ നിർമ്മിക്കാൻ അനുമതി നൽകിയതായി ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ തല കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയാണ് അനുമതി നൽകിയത്.
കടലോര മേഖലയിൽ 500 മീറ്ററിൽ താഴെയുള്ള മേഖലയിൽ 250 ചതുരശ്ര മീറ്ററിൽ കുറവുള്ള വീടുകളുടെ നിർമ്മാണ പ്രവർത്തനമാണ് സമിതി പരിഗണിക്കുന്നത്. ജില്ലയിൽ 143 അപേക്ഷകളാണ് പരിഗണിച്ചത്. ഇതിൽ 24 എണ്ണം മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിരസിച്ചു. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് താനൂർ മുനിസിപ്പാലിറ്റിയിൽ നിന്നാണ്. 70 അപേക്ഷകൾ. ഈ അപേക്ഷകളിൽ അഞ്ചെണ്ണം ഒഴികെയുള്ള മുഴുവൻ അപേക്ഷകൾക്കും അനുമതി നൽകി. പൊന്നാനി മുനിസിപ്പാലിറ്റിയിൽ നിന്ന് 19 അപേക്ഷകൾ പരിഗണിച്ചു. അഞ്ചെണ്ണം നിരസിച്ചു. നിരമരുതൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിച്ച രണ്ട് അപേക്ഷകൾക്കും അനുമതി നൽകി. വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്ന് 10 അപേക്ഷകളിൽ രണ്ടെണ്ണം മാത്രമാണ് നിരസിച്ചത്. മംഗലം പഞ്ചായത്തിൽ നിന്ന് ലഭിച്ച ഒമ്പത് അപേക്ഷകൾക്ക് അനുമതി നൽകി. മൂന്നെണ്ണം നിരസിച്ചു. മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭിച്ച അഞ്ച് അപേക്ഷകളും മാനദണ്ഡങ്ങൾ പാലിക്കാത്തിതിനാൽ അനുമതി നൽകിയില്ല. വെട്ടം പഞ്ചായത്തിൽ നിന്ന് ലഭിച്ച രണ്ട് അപേക്ഷകളും പരിഗണിച്ചു. പുറത്തൂർ പഞ്ചായത്തിൽ നിന്ന് 26 അപേക്ഷകളാണ് പരിഗണിച്ചത്. നാലെണ്ണം നിരസിച്ചു.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സമിതി അംഗങ്ങളായ കെ.പി ഷാജഹാൻ, ഉമ്മർ ഓട്ടുമ്മൽ, ജില്ലാ ടൗൺ പ്ലാനർ പി.എ.ഐഷ , വി. വിജയകുമാർ, കെ. രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.