പെരിന്തൽമണ്ണ: യുവാവിനെ തട്ടിക്കൊണ്ടുപോയി ഇന്നോവ കാറും രണ്ട് ലക്ഷം രൂപയും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ . കൊണ്ടോട്ടി ഓമാനൂർ സ്വദേശികളായ മാടശ്ശേരി തെക്കേത്തൊടി അമീർ അലി(27), കളരിപ്പറമ്പിൽ ഷാജഹാൻ(36) എന്നിവരെയാണ് പെരിന്തൽമണ്ണ സി.ഐ ടി.എസ്. ബിനുവും സംഘവും അറസ്റ്റ് ചെയ്തത്. 11നാണ് സംഭവം. മണ്ണാർക്കാടുനിന്ന് പെരിന്തൽമണ്ണയിലേക്ക് ഇന്നോവ കാറിൽ വരികയായിരുന്ന പാണ്ടിക്കാട് സ്വദേശി നൂറുദ്ദീനെയാണ് തട്ടിക്കൊണ്ടുപോയത്. ബിസിനസ് കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന സംഘത്തിലെ ഒരാൾ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇയാൾ പറഞ്ഞതനുസരിച്ച് പെരിന്തൽമണ്ണ ആയിഷ കോംപ്ലക്‌സിന് സമീപമുള്ള ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലെത്തിയ നൂറുദ്ദീനെ പിടിയിലായവരടങ്ങുന്ന ഒമ്പതംഗ സംഘം ബലമായി കാറിന്റെ പിൻസീറ്റിലിരുത്തി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഓമാനൂരിലെ കുന്നിൻമുകളിലുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് രണ്ടുകോടി രൂപ ആവശ്യപ്പെട്ടു. കാറും അക്കൗണ്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും പാസ്‌പോർട്ടും വാച്ചും കൈക്കലാക്കിയ ശേഷം നൂറുദ്ദീനെ കൊണ്ടോട്ടിയിൽ ഇറക്കിവിട്ടു. നൂറുദ്ദീന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. കാറും പാസ്‌പോർട്ടും കണ്ടെടുക്കാൻ നടപടി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു