മലപ്പുറം: വർണ്ണങ്ങളും തോരണങ്ങളും ഉദ്ഘാടന പ്രസംഗവുമില്ലാതെ ജില്ലാ കലോത്സവത്തിന് കൊടിയേറി. ആദ്യദിനം ഹൈസ്കൂൾ വിഭാഗത്തിൽ 93 പോയിന്റോടെ കൊണ്ടോട്ടി ഉപജില്ലയാണ് മുന്നിൽ. ഒരു പോയിന്റ് വ്യത്യാസത്തിൽ മഞ്ചേരിയും 86 പോയന്റുമായി കുറ്റിപ്പുറവും തൊട്ടരികിലുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ 141 പോയിന്റുമായി ആതിഥേയരായ മലപ്പുറമാണ് മുന്നേറ്റം നടത്തുന്നത്. വേങ്ങരയും മഞ്ചേരിയും വിടാതെ പിന്നാലെയുണ്ട്. വേങ്ങരയ്ക്ക് 129 ഉം മഞ്ചേരിക്ക് 125 പോയിന്റുണ്ട്.
സംസ്കൃത കലോത്സവത്തിൽ കൊണ്ടോട്ടിയും അറബി കലോത്സവത്തിൽ നിലമ്പൂരും മുന്നിട്ട് നിൽക്കുന്നു. മോണോആക്ട് മത്സരത്തോടെ മേൽമുറി എം.എം.ഇ.ടി. ഹയർസെക്കൻഡറി സ്കൂളിലാണ് ആദ്യ പരിപാടി അരങ്ങേറിയത്. മറ്റു ചടങ്ങുകൾ ഒന്നും തന്നെയില്ലെങ്കിലും മത്സരസമയത്തിൽ വല്ലാത്ത അകലമുണ്ടായി. ഒമ്പതിനു ഉണരേണ്ട വേദികളിൽ 11ഓടെയായിരുന്നു കർട്ടൺ പൊങ്ങിയത്.