മലപ്പുറം: കേരളനടനത്തിൽ തുടർച്ചയായ അഞ്ചാംവർഷവും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി എം.എസ്.പി എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥി റോസ്റ്റിൻ റോയ്. കഴിഞ്ഞ തവണ ജില്ലയിൽ രണ്ടാമനായിരുന്നെങ്കിൽ ഇത്തവണ ഒന്നിന്റെ തിളക്കത്തിലാണ് റോസ്റ്റിൻ ആലപ്പുഴയിലെത്തുക. അർജ്ജുനൻ പാശുപതാസ്ത്രത്തിനായി തപസ് ചെയ്യുമ്പോൾ ശിവനും പാർവ്വതിയും കാട്ടാളവേഷത്തിലെത്തി അർജ്ജുനനെ പരീക്ഷിക്കുന്ന കിരാതം കഥയാണ് റോസ്റ്റിൻ റോയ് അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാംസ്ഥാനവും കേരളനടനത്തിലും കുച്ചിപ്പുടിയിൽ രണ്ടാംസ്ഥാനവും നേടി ജില്ലയുടെ അഭിമാനമായ താരമാണ് റോസ്റ്റിൻ. ഒമ്പതാം ക്ലാസ് മുതൽ കേരളനടന മത്സരരംഗത്തുണ്ട്. കലാമണ്ഡലം രാജേഷിന്റെ കീഴിലാണ് പഠനം. ഇന്ന് ഭരതനാട്യം, കുച്ചിപ്പുടി ഇനങ്ങളിലും മത്സരിക്കും. തിരുവനന്തപുരം സ്വദേശിയും മലപ്പുറം മുണ്ടുപറമ്പിലെ താമസക്കാരുമായ ബിജി - ഉഷാറാണി ദമ്പതികളുടെ മകനാണ്. തയ്യൽ ജോലി ചെയ്യുന്ന അമ്മ ഉഷാറാണിയാണ് ഭരതനാട്യത്തിനുള്ള വേഷങ്ങൾ തയ്ച്ച് നൽകുന്നത്. ബിജി ടൈൽസ് ജോലിക്കാരനാണ്.