മലപ്പുറം: ചാക്യാർക്കൂത്ത് എച്ച്.എസ്.എസ് വിഭാഗം മത്സരത്തിലെ വിധി കർത്താവിന് അപകടം പറ്റിയതിനെ തുടർന്ന് നടത്തിപ്പ് സംബന്ധിച്ച തീരുമാനം വൈകിയത് മത്സരാർത്ഥികളെ ദുരിതത്തിലാക്കി. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 മണി മുതലാണ് ചാക്യാർക്കൂത്ത് മത്സരം നിശ്ചയിച്ചിരുന്നത്. നാല് മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്. ലോട്ട് എടുക്കാൻ ചമയങ്ങളിട്ട് വരണമെന്ന സംഘാടകരുടെ നിർദ്ദേശത്തെ തുടർന്ന് 11.30ഓടെ മത്സരാർത്ഥികൾ വേദിയിലെത്തി. മത്സരം തുടങ്ങേണ്ട സമയമായപ്പോഴാണ് വിധികർത്താക്കളിൽ ഒരാൾക്ക് അപകടം പറ്റിയതായി മത്സരാർത്ഥികളെ അറിയിക്കുന്നത്. തുടർന്ന് ചാക്യാർകൂത്തിന് ശേഷം വേദിയിൽ നിശ്ചയിച്ച വൃന്ദവാദ്യം മത്സരങ്ങൾ നടത്തി. ഈസമയമത്രയും ഭക്ഷണം കഴിക്കാതെയാണ് മത്സരാർത്ഥികൾ കഴിഞ്ഞത്. രാവിലെ ഭക്ഷണം കഴിച്ച് ചമയങ്ങളിട്ട മത്സരാർത്ഥികൾ ഏറെ ക്ഷീണിതരായിരുന്നു. കുട്ടികളുടെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു പരിശീലകരും രക്ഷിതാക്കളും. വേദിയിലുണ്ടായിരുന്ന മലപ്പുറം എ.ഇ.ഒയെ കണ്ട് രക്ഷിതാക്കൾ പരാതി ബോധിപ്പിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് മത്സരം സംബന്ധിച്ച് തീരുമാനമായത്. ഹൈസ്കൂൾ വിഭാഗം ചാക്യാർക്കൂത്ത് വേദിയായ മലപ്പുറം എ.യു.പി. സ്കൂളിലേക്ക് എച്ച്.എസ്.എസ് മത്സരങ്ങൾ മാറ്റുകയായിരുന്നു. സാധാരണഗതിയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾ ഒരേ വേദിയിലാണ് നടത്താറുള്ളത്.