മലപ്പുറം: കൂടിയാട്ടമെന്നാൽ പൈങ്കുളം നാരായണൻ ചാക്യാരും ശിഷ്യരും തമ്മിലെ കൂടിയാട്ടമെന്ന ചൊല്ലിന് ഇത്തവണയും മാറ്റമില്ല. ജില്ലാ കലോത്സവത്തിലെ കൂടിയാട്ട മത്സരാർത്ഥികളിൽ ഏഴ് പേരും നാരായണ ചാക്യാരുടെ ശിഷ്യർ. രാജ്യാന്തരതലത്തിലടക്കം പ്രശസ്തനായ നാരായണ ചാക്യാർ തിരക്കുകളെല്ലാം മാറ്റിവച്ച് ശിഷ്യരുടെ പ്രകടനം കാണാൻ ഇന്നലെ മത്സരവേദിയായ ഡി.ടി.പി.സി ഹാളിലെത്തി. വേദികളും മത്സരാർത്ഥികളും കഥകളും കഥാപാത്രങ്ങളും മാറുമെന്നത് ഒഴിച്ചു നിറുത്തിയാൽ കലോത്സവത്തിൽ കൂടിയാട്ടമെന്നാൽ മൂന്ന് പതിറ്റാണ്ടോളമായി നാരായണ ചാക്യാരാണ്.
കൂടിയാട്ടം, ചാക്യാർക്കൂത്ത്, നങ്ങ്യാർക്കൂത്ത്, പാഠകം ഇനങ്ങളിലായി ജില്ലാ കലോത്സവങ്ങളിൽ പൈങ്കുളം നാരായണൻ ചാക്യാരുടെ ഇരുന്നൂറിലേറെ ശിഷ്യരാണ് വേദിയിലെത്തുന്നത്. ഇടുക്കി, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നാരായണൻ ചാക്യാരുടെ ശിഷ്യർ മത്സരിക്കുന്നുണ്ട്. മലപ്പുറം ജില്ലാ കലോത്സവത്തിൽ കൂടിയാട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ചും ഹയർസെക്കൻഡറിയിൽ രണ്ടുപേരും മത്സരിക്കുന്നു. ചാക്യാർക്കൂത്തിൽ അഞ്ചും നങ്ങ്യാർക്കൂത്തിൽ മൂന്ന് പേരും പാഠകത്തിൽ ഏഴുപേരുമടക്കം 22 ശിഷ്യർ മത്സരിക്കുന്നുണ്ട്. വർഷങ്ങളായി ഈ ഇനങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ മത്സരിക്കുന്ന പകുതിയിലധികം ടീമുകളെയും പരിശീലിപ്പിക്കുന്നത് പൈങ്കുളമാണ്. പൈങ്കുളം ചാക്യാർമാരുടെ തലമുറയിൽപ്പെട്ട ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് 28 വർഷം മുമ്പ് കൂടിയാട്ടം മത്സര ഇനമായത്. മൂന്ന് പതിറ്റാണ്ടായി ചാക്യാർക്കൂത്തുമായി കലോത്സവങ്ങൾക്കൊപ്പമുണ്ട് നാരായണ ചാക്യാർ. ഇതുവരെ ഏഴായിരത്തോളം ശിഷ്യരെ കലോത്സവ വേദികളിലെത്തിച്ചു. നേരത്തെ വിവിധ ജില്ലകളിലെത്തി പരിശീലനം നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഷൊർണ്ണൂരിലെ വീട്ടിലെത്തുന്നവർക്കാണ് പരിശീലനമേകുന്നത്. വിവിധ ജില്ലകളിൽ നിന്ന് ഇവിടെയെത്തി താമസിച്ച് പഠിക്കുന്നവരുണ്ട്. ഒരേ വേദിയിൽ തന്നെ കൂടുതൽ ശിഷ്യർ മത്സരിക്കുമ്പോൾ ഇവർക്ക് വേറിട്ട ചിന്താധാരയും നാരായണ ചാക്യാരേകുന്നുണ്ട്. പരസ്പരം മത്സരിക്കാനല്ല, സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഇടമായി വേണം വേദികളെ കാണാനെന്നാണ് അദ്ദേഹം അവരോട് പറയുക. താൻ പരിശീലിപ്പിക്കുന്നവർ ഭാവിയിൽ കൂടിയാട്ട കലാകാരനോ കലാകാരിയോ ആവണമെന്നില്ലെങ്കിലും നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതു പഠിക്കുമ്പോൾ ഭാവിയിൽ നല്ല ആസ്വാദകരായി തീരുമെന്ന് നാരായണ ചാക്യാർ പറയുന്നു.