മലപ്പുറം: ഹയർസെക്കൻഡറി വിഭാഗം നാടൻപാട്ടിൽ 34 ടീമുകളെ പിന്തള്ളി കന്നി മത്സരത്തിൽ ഒന്നാമതെത്തി പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ് വിദ്യാത്ഥികൾ. ഇന്നലെ നടന്ന പല മത്സരങ്ങളെയും അപേക്ഷിച്ച് നാടൻപാട്ടിൽ ടീമുകളുടെ പങ്കാളിത്തം കൂടുതലായിരുന്നു. മത്സരിച്ചവരെല്ലാം മികവ് പുലർത്തിയതോടെ എല്ലാവർക്കും എ ഗ്രേഡും ലഭിച്ചു. തെയ്യാട്ട് പാട്ടിലൂടെയാണ് പൂക്കോട്ടുംപാടം ടീം ആലപ്പുഴയിലേക്ക് സീറ്റ് ഉറപ്പിച്ചത്. കെ.പി. ആതിര, സുരാഗ്, കൃഷ്ണദേവ്, ഹരികൃഷ്ണൻ, ശ്രീലക്ഷ്മി, വൈഷ്ണവ്, ശ്രീരാഗ് എന്നിവരായിരുന്നു ടീമംഗങ്ങൾ. സ്കൂൾ ടീം കഴിഞ്ഞ തവണ മത്സരിച്ചിരുന്നെങ്കിലും എ ഗ്രേഡ് മാത്രമാണ് ലഭിച്ചത്. പി.എസ്. അഭിലാഷാണ് ഗുരു. മത്സരാർത്ഥികളെല്ലാം ഏറെ മികവ് പുലർത്തിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഫലപ്രഖ്യാപനം നടത്തിയ ഉടനെ മറ്റു ടീമുകളും പരിശീലകരും വിധി പ്രഖ്യാപനത്തിൽ പാളിച്ചയുണ്ടായെന്നും വിധികർത്താക്കൾക്ക് മതിയായ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തുവന്നു. കേരള ഫോക്‌ലോർ അക്കാദമിയിൽ നിന്നുള്ളവരെ നിയോഗിക്കേണ്ടതിന് പകരം മറ്റ് കലാമേഖലകളിൽ നിന്നുള്ളവരെയാണ് വിധി കർത്താക്കളാക്കിയതെന്നായിരുന്നു ആക്ഷേപം.