മലപ്പുറം: ജില്ലാ ആസ്ഥാനത്ത് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 31-ാമത് ജില്ലാ കലോത്സവത്തിന് ഗംഭീര തുടക്കം. വർണ്ണാഭമായ ഘോഷയാത്രയും ഉദ്ഘാടനവും ഒഴിച്ചു നിറുത്തിയാൽ മത്സരഇനങ്ങളിലെ ശോഭയ്ക്ക് ഒട്ടും കുറവില്ലായിരുന്നു. മേളയുടെ ഒന്നാംദിനം 16 വേദികളിലായി 61 ഇനങ്ങളിൽ 1638 പ്രതിഭകൾ പങ്കെടുത്തു. 11 വേദികളിൽ രാവിലെ ഒമ്പതിനും അഞ്ച് വേദികളിൽ വൈകിട്ട് നാലിനും മത്സരം തുടങ്ങി. മലപ്പുറം ഗവ. ബോയ്സ് സ്കൂളിലും മേൽമുറി എം.എം.ഇ.ടിയിലും രാവിലെ ഒമ്പതു മുതൽ മത്സരം തുടങ്ങി. ബാക്കിയുള്ള അഞ്ച് വേദികളിലെ സ്കൂളുകളിലാണ് വൈകിട്ട് നാലു മുതൽ മത്സരങ്ങൾ നടന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കിയാണ് പരിപാടികൾ സംഘടിപ്പിച്ചതെങ്കിലും മത്സര ഇനങ്ങളിലെ പകിട്ട് കുറഞ്ഞില്ല. എല്ലാ വേദികളിലെയും നിറഞ്ഞ സദസ്സുകൾ ശ്രദ്ധേയമായി. വേദിക്കകത്തും പുറത്തുമായി 500 ലധികം അദ്ധ്യാപകരുടെ സജീവ പങ്കാളിത്തമുണ്ട്. കൂടാതെ എസ്.പി.സി,എൻ.സി.സി, സ്കൗട്ട്സ്, എൻ.എസ്.എസ് തുടങ്ങിയ 300ഓളം വാളന്റിയമാരും ഡ്യൂട്ടിയിലുണ്ട്. മത്സരാർത്ഥികൾക്കും കാണികൾക്കുമായി എല്ലാം വേദികളിലും തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇന്നുമുതൽ എല്ലാ വേദികളിലും രാവിലെ ഒമ്പതോടെ മത്സരങ്ങൾ ആരംഭിക്കും. വേദി ഒന്നിലെ ഭരതനാട്യത്തോടെയാണ് ഇന്നത്തെ പരിപാടികൾക്ക് തുടക്കമാവുക.