മലപ്പുറം: വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറിന്റെ ജീവിതം പറഞ്ഞ് ഹൈസ്‌കൂൾ വിഭാഗം ഏകാംഗാഭിനയത്തിൽ വണ്ടൂർ വി.എം.സി ഹയർ സെക്കൻഡ റി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി എസ്.ശ്രീജീവ്. അകാലത്തിൽ വിടപറഞ്ഞ ബാലഭാസ്‌ക്കറിന്റെ ഓർമ്മ സദസ്സിൽ നൊമ്പരമുണർത്തി. യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്ത് കേരളത്തിന് അക്കാലത്ത് പരിചിതമല്ലാത്ത ഫ്യൂഷൻ സമ്പ്രദായം കൊണ്ടുവരാൻ സൂഹൃത്തുക്കളുമൊത്ത് കഠിനാധ്വാനം ചെയ്ത ബാലഭാസ്‌ക റിന്റെ ജീവിതം വരച്ചുകാട്ടിയായിരുന്നു ശ്രീജീവ് അരങ്ങിൽ നിറഞ്ഞാടിയത്. മത്സരാർത്ഥികൾ മിക്കവരും പ്രളയവും ദാരിദ്ര്യവും പട്ടിണിമരണങ്ങളും പ്രമേയമാക്കിയപ്പോഴാണ് സംഗീതലോകത്ത് തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച് വിടപറഞ്ഞ ബാലഭാസ്‌ക്കറിനെ അവതരിപ്പിച്ച് ശ്രീജീവ് കൈയടി നേടിയത്. ബാലഭാസ്‌ക്കറിന്റെ മരണത്തെ കുറിച്ച് പുതിയ വിവാദങ്ങൾ ഉടലെടുത്ത സമയത്താണ് വയലിനിലെ അതുല്യപ്രതിഭയുടെ ഓർമ്മകൾ പുതുക്കി ശ്രീജീവ് രംഗത്തെത്തിയത്. വണ്ടൂർ അമ്പലപ്പടിയിലെ കെ.എൽ. ശ്രീബാലിന്റെയും സജിതയുടെയും മകനാണ് ശ്രീജീവ്. ആറ് വർഷമായി മോണോആക്ട് പരിശീലിക്കുന്നുണ്ട്.