മലപ്പുറം: കലോത്സവത്തിന്റെ രണ്ടാംദിനം കൊണ്ടോട്ടിയെ പിന്തള്ളി മഞ്ചേരി ഉപജില്ല ഹൈസ്കൂൾ വിഭാഗത്തിൽ മുന്നിലെത്തി. 178 പോയന്റോടെയാണ് മഞ്ചേരിയുടെ കുതിപ്പ്. രണ്ടാമതുള്ള കൊണ്ടോട്ടിക്ക് 165 ഉം കുറ്റിപ്പുറത്തിനു 163ഉം പോയിന്റുമുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ മലപ്പുറം ബഹുദൂരം മുന്നിലാണ്. 233 പോയിന്റ് മലപ്പുറം ഉപജില്ല ഇതിനകം സ്വന്തമാക്കി.
രണ്ടാമതുള്ള കൊണ്ടോട്ടിക്ക് 201ഉം മൂന്നാമതുള്ള എടപ്പാളിന് 200ഉം പോയിന്റുമുണ്ട്. സംസ്കൃത കലോത്സവത്തിൽ 83 പോയിന്റോടെ കൊണ്ടോട്ടിയും അറബി കലോത്സവത്തിൽ 51 പോയിന്റുമായി നിലമ്പൂരും കൊണ്ടോട്ടിയും ഒപ്പത്തിനൊപ്പവുമാണ്.
ആദ്യദിനം കാണികളുടെ എണ്ണം കുറവായിരുന്നുവെങ്കിൽ രണ്ടാംദിനം ചിത്രമാകെ മാറി. പ്രധാന വേദികളിലെ പന്തലുകളെല്ലാം നിറഞ്ഞു. പക്ഷെ ചെലവ് ചുരുക്കലിന്റെ ഭാഗമായി പന്തലുകളിൽ കസേരകളുടെ എണ്ണം കുറച്ചത് ആസ്വാദകരെ നിരാശരാക്കി. പ്രായമായവരും കുട്ടികളും ഇരിപ്പിടമില്ലാതെ വലഞ്ഞു.